by-election-kummanam-

തിരുവനന്തപുരം: മത്സരരംഗത്തേക്ക് താല്പര്യം പ്രകടിപ്പിക്കാതിരുന്ന മുൻ മിസോറാം ഗവർണർ കുമ്മനംരാജശേഖരൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാവുമെന്ന് ബോധപൂർവം പ്രചരിപ്പിച്ചശേഷം മാറ്റിയ ബി.ജെ.പി നേതൃത്വത്തിലെ ചിലരുടെ നടപടിക്കെതിരെ പാർട്ടി അണികളിലും ആർ.എസ്.എസ് പ്രവർത്തകരിലും രോഷം ഉയരുന്നു. അമേരിക്കൻ പര്യടനത്തിലായിരുന്ന കുമ്മനം തിരിച്ചെത്തുന്നതിന് മുമ്പേ അദ്ദേഹം സ്ഥാനാർത്ഥിയാവുമെന്ന് പ്രചരിപ്പിച്ചത് ഗൂഢോദ്ദേശ്യത്തോടെയായിരുന്നുവെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ ആരോപണം. കഴി‌ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളി കോൺഗ്രസിലെ ശശി തരൂർ ആയിട്ടും നേരിയ വോട്ടിന് മാത്രമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇടതുമുന്നണിയാകട്ടെ ഈ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക് പോയി. ഈ സാഹചര്യത്തിൽ വിജയസാദ്ധ്യതയുണ്ടായിട്ടും കേരളത്തിലെ ചിലർ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു ഉന്നതനുമായി ചേർന്ന് കുമ്മനത്തിന്റെ ചിറകരിയുകയായിരുന്നു എന്നാണ് ആരോപണം.

by-election-kummanam-

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തും കുമ്മനത്തിനെതിരെ മറ്റ് ചില 'പണി'കൾ വരുമെന്ന ആശങ്കയും അണികൾക്കുണ്ട്. സംസ്ഥാന ആർ.എസ്.എസ് നേതൃത്വം അകറ്റി നിർത്തിയ ഇപ്പോഴത്തെ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു നേതാവും അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ അടുപ്പക്കാരായ ചില നേതാക്കളും ചേർന്നാണ് കുമ്മനത്തിന്റെ പേര് അവസാന നിമിഷം വെട്ടി മാറ്രിയത്രെ. കുമ്മനത്തിന് വേണ്ടി ബി.ജെ.പി ഒൗദ്യോഗിക നിലയിൽ പ്രചാരണം തുടങ്ങി എന്നു പ്രചരിപ്പിച്ച ശേഷമായിരുന്നു ഈ വെട്ടൽ. ഒ.രാജഗോപാലിനെ പോലുള്ള മുതിർന്ന നേതാക്കളെ കൊണ്ടുപോലും കുമ്മനമായിരിക്കും സ്ഥാനാർത്ഥി എന്നു പ്രചരിപ്പിച്ച ശേഷമായിരുന്നു അവസാന നിമിഷം ഒഴിവാക്കിയത്. അവർക്ക് വേണമെങ്കിൽ കുമ്മനം സ്ഥാനാർത്ഥിയാവരുത് എന്ന് നേരത്തെ പറഞ്ഞാൽ പോരെ, എന്തിനായിരുന്നു കുമ്മനത്തെ മുൻ നിറുത്തി പ്രചാരണം നടത്തിയ ശേഷം അവസാന നിമിഷം അപമാനിച്ചു വിട്ടത് എന്നാണ് ചില നേതാക്കൾ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പ് പ്രചാരണം പാർട്ടിയിൽ ശക്തമാണ്.

അതേസമയം സംസ്ഥാന ആർ.എസ്. എസ് നേതൃത്വവും സംഘടനാ ചുമതലയുള്ള ഒരു ബി.ജെ.പി ദേശീയ നേതാവും തമ്മിലുള്ള ശീത സമരത്തിന്റെ ഇരയാണ് കുമ്മനം രാജശേഖരൻ എന്നാണ് മറ്രു ചിലർ പറയുന്നത്. കുമ്മനത്തെ ഗവർണറാക്കി വിട്ടതിന്റെ പേരിൽ ഈ നേതാവിനെതിരെ ആർ.എസ്. എസ് നേതൃത്വം ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. തൃശൂരിലെ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അവിടെ നിന്നുള്ള സംസ്ഥാന നേതാവ് മുഖത്ത് നോക്കി ഈ ഉന്നതനെ വിമർശിച്ചിരുന്നു.

കുമ്മനം ഗവർണറായ ശേഷം ശ്രീധരൻ പിള്ള പ്രസിഡന്റാകുന്നതിന് മുമ്പ് പാലക്കാട്ട് ഇദ്ദേഹം വിളിച്ചുകൂട്ടിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ കേരളത്തിലെ സംഘടനാ ചരിത്രത്തിൽ ആദ്യത്തെ ബഹിഷ്കരണമായിരുന്നു ഇത്. അതേസമയം അമിത് ഷാ ഉൾപ്പെടെ ബി.ജെ.പിയിലെ ഉന്നതരെ വിശ്വാസത്തിലെടുത്ത ശേഷമാണ് കുമ്മനത്തിന് സീറ്ര് നിഷേധിച്ചത് എന്നാണ് അറിയുന്നത്. ഗവർണറായി നിയമിച്ച കുമ്മനത്തെ പദവി രാജിവയ്പിച്ച് ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് അദ്ദേഹം പുഷ്പം പോലെ ജയിക്കുമെന്ന പറഞ്ഞ കേരള ഘടകത്തിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. എന്നാൽ, ഒരു ലക്ഷം വോട്ടിന് തോറ്രതോടെ കേരള ഘടകത്തിന്റെ വാക്കുകൾക്ക് വിലയില്ലാതായി. ഇതും കുമ്മനത്തിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.