thief

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് പതിനഞ്ച് വർഷങ്ങൾക്കു ശേഷം പോലീസിന്റെ വലയിലായി. കവടിയാർ ജവഹർനഗർ ചരുവിളാകത്തു വീട്ടിൽ കലകുമാറിനെയാണ് ഇന്നലെ രാവിലെ ഷാഡോ പൊലീസ് പിടികൂടിയത്. ജവഹർ നഗറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം.

മാസങ്ങൾക്കു മുൻപ് ഇവിടെ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച വിരലടയാളമാണ് ഇയാളെ കുടുക്കാൻ കാരണമായത്. സ്ഥിരം മോഷ്ടാക്കളുടെ വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതി കലകുമാറാണെന്നു തെളിഞ്ഞു. പൊലീസ് തന്നെ അന്വേഷിക്കുന്നുണ്ടന്ന് മനസിലാക്കിയ പ്രതി ഒളിവിൽ കഴിഞ്ഞു വരികെയാണ് ഇയാളെ വിദഗ്ധമായി കുടുക്കിയത് .

ഇയാളുടെ അറസ്റ്റോടെ 15 വർഷങ്ങൾക്കു മുൻപ് നടന്ന മോഷണങ്ങൾ വരെ തെളിഞ്ഞു. പകൽ കറങ്ങി നടന്നു ആളില്ലാത്ത വീട് കണ്ടെത്തി വയ്ക്കുകയും രാത്രി ഇവിടെയെത്തി മോഷണം നടത്തുകയുമായിരുന്നു ഇയാളുടെ പ്രവർത്തന രീതി. മതിൽ ചാടി കടന്ന് വീടുകളിലെ വാതിൽ കുത്തിത്തുറക്കുകയും ഹക്സാബ്ലേഡ് ഉപയോഗിച്ച് ജനലിന്റെ കമ്പി അറുത്തു മാറ്റുകയും ചെയ്യും. ഇയാൾ ഒളിവിൽ കഴിയുന്ന ഇടത്തെ പറ്റി വിവരം ലഭിച്ച ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് കലാകുമാറിനെ പിടികൂടിയത് .