murder

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷക സംഘത്തിലെ ആറംഗ സംഘം ഒഡീഷ്യയിലെ ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. ഒരുസംഘം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. പ്രതികൾ ഉടൻ വലയിലാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ശ്രീനാരായണപുരം ചന്ദന ജംഗ്ഷന് സമീപം മനയത്ത് വീട്ടിൽ ബൈജുവിന്റെ മകൻ വിജിത്തിനെയാണ് കൊന്ന് കൈകാലുകൾ കൂട്ടിക്കെട്ടി കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്. വിജിത്തുമായി സൗഹൃദമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തേടിയാണ് പൊലീസ് ഭുവനേശ്വറിലേക്ക് പോയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിത്തിനെ കാണാതായത്. വിജിത്തുമായി സൗഹൃദത്തിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായി. ഭുവനേശ്വർ സ്വദേശികളായ കൃഷ്ണ്, തൂഫാൻ, സുശാന്ത്, രഖ എന്നിവരെയാണ് കാണാതായിട്ടുള്ളത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ തങ്ങൾ നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവർ കരാറുകാരന് ഫോൺ ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും ഒപ്പം ജോലിചെയ്യുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികളെയാണ് അന്വേഷകസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രക്ഷപ്പെട്ട തുഫാൻ, രഖ എന്നിവർക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫാണ്. ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.