വിഴിഞ്ഞം: കഴക്കൂട്ടം -കാരോട് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി തിരുവല്ലത്തെ പഴയപാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുമെന്ന് സൂചന. കഴക്കൂട്ടം - മുക്കോല വരെയുള്ള 26.72 കി.മീ ഭാഗം ഡിസംബറിൽ സഞ്ചാരത്തിനായി തുറന്നുകൊടുക്കും. മുക്കോല - കാരോട് വരെയുള്ള 16.2 കി.മീ റോഡിന്റെ പണി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവല്ലത്തെ പഴയപാലം പൊളിച്ചു പണിയാനാണ് നീക്കമെന്ന് അധികൃതർ സൂചന നൽകി. ഒ ആൻഡ് എം രൂപത്തിലാണ് റോഡിന്റെ രൂപകല്പന. കഴകൂട്ടം - മുക്കോല 700 കോടിയും മുക്കോല - കാരോട് 494 കോടിയുമാണ് നിർമ്മാണ ചെലവ്. പൂർത്തിയാകുന്നതോടെ യാത്രക്കാരെ കാത്തിരിക്കുന്നത് ആധുനികസുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ്. റോഡ് നിർമാണം പൂർത്തിയാകുമ്പോൾ സദാസമയവും റോന്തു ചുറ്റുന്ന സൗജന്യ ആംബുലൻസ് സേവനങ്ങളും ചലിക്കുന്ന ക്രെയിനുകളും ഇവിടെയുണ്ടാകും. ഇവയുടെ സേവനം തികച്ചും സൗജന്യമാണ്. ഇവയുടെ ചെലവുമുഴുവൻ ഹൈവേ അതോറിട്ടി വഹിക്കും. റോഡിൽ നിന്നും ലഭിക്കുന്ന ടോൾ വരുമാനം ഉപയോഗിച്ചാകും ഇവയുടെ പ്രവർത്തനം. കഴക്കൂട്ടത്തിനും കാരോടിനും ഇടയാൽ ഒരു ടോൾ ബൂത്ത് ഉണ്ടാകും ഇത് തിരുവല്ലം പാലം കേന്ദ്രീകരിച്ചാകും എന്നാണ് സൂചന. ടോൾ ബൂത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ വാഹനങ്ങളെ ടോളിൽ നിന്ന് ഇളവു നൽകും. ഇതിനായി പഞ്ചായത്തോ നഗരസഭയെ നൽകുന്ന പ്രേദേശവാസിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇവർക്ക് ഒരു തിരിച്ചറിയൽ കാർഡ് നൽകും. ഇത് യാത്രക്കിടയിൽ ടോൾ ബൂത്തിൽ ഹാജരാക്കണം. കരാറുകാരന് അഞ്ചു വർഷത്തേക്ക് റോഡിന്റെ മെയിന്റനൻസ് മാത്രമേ ഉണ്ടാവുകയുള്ളൂ.