market-strike

കുഴിത്തുറ: കളിയിക്കാവിള ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ മറവിൽ പച്ചക്കറിച്ചന്ത നശിപ്പിക്കാൻ ശ്രമമെന്ന് ആരോപിച്ച് വ്യാപാരികൾ ഇന്നലെ കടയടച്ച് പ്രതിഷേധിച്ചു. തിരുവനന്തപുരം നാഗർകോവിൽ ദേശീയ പാതയോട് ചേർന്നാണ് കളിയിക്കാവിള ചന്തയും ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനായി തമിഴ്നാട് സർക്കാർ മൂന്ന് കോടിയോളം രൂപ ചെലവിൽ ചന്തയുടെ 20സെന്റ് സ്ഥലം കൂടി എടുക്കാൻ തീരുമാനിച്ചു. വ്യാപാരികൾ പ്രതിഷേധിച്ചതോടെ ഈ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതൊന്നും നടപ്പായില്ല. മാസങ്ങൾ പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങളുമായി അധികൃതർ മുന്നോട്ട് പോയതാണ് പ്രധിഷേധത്തിന് കാരണം. അഞ്ഞൂറോളം വരുന്ന വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.