ബാലരാമപുരം: ദേശീയപാതവികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന ബാലരാമപുരം പൊലീസ് സ്റ്റേഷന്റെ പുതിയ വാടക കെട്ടിടം പനയറക്കുന്നിൽ റൂറൽ എസ്.പി അശോകൻ ഉദ്ഘാടനം ചെയ്തു. ജനറൽ ഡ്യൂട്ടി രേഖകൾ റൂറൽ എസ്.പി സി.ഐ ജി. ബിനുവിന് കൈമാറി. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന് സി.ഐ. ബിനു ആദ്യ ജനറൽ ഡ്യൂട്ടി ചുമതല കൈമാറി. നിലവിലെ ബാലരാമപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ 3 പൊലീസ് ഉദ്യാഗസ്ഥരുടെ സേവനത്തിൽ 24 മണിക്കൂറും ഔട്ട് പോസ്റ്റ് ആയി തുടരുമെന്നും റൂറൽ എസ്.പി അറിയിച്ചു. ബാലരാമപുരം സ്റ്റേഷനിൽ ഔട്ട് പോസ്റ്റ് സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാബ്സ് ഭാരവാഹികൾ നേരത്തെ റൂറൽ എസ്.പിക്ക് നിവേദനം നൽകിയിരുന്നു. ബാലരാമപുരത്ത് രാത്രികാലങ്ങളിലെ അനിഷ്ടസംഭവങ്ങൾ നിയന്ത്രിക്കാൻ വയർലസ്, ഫോൺ സംവിധാനത്തോടൂകൂടി ഔട്ട് പോസ്റ്റ് കാര്യക്ഷമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു. സി.ഐ, എസ്.ഐ ഉൾപ്പെടെയുള്ളവർ പുതിയ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചാർജ്ജെടുത്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നരുവാമൂട് സി.ഐ ധനപാലൻ, പൊഴിയൂർ സി.ഐ. സുനിൽ, ബാലരാമപുരം എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ എ.വി. സജീവ്, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് തുടങ്ങിയവരും വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.