1

തിരുവനന്തപുരം: സർക്കാരിന്റെ ഫ്ളക്സ് നിരോധനത്തിനെതിരെ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ (എസ്.പി.ഐ.എ) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. 16 ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തോടെയാണ് റിലേ സത്യാഗ്രഹം സമാപിക്കുക.

കേരള സർക്കാർ ഫ്ളക്സ് നിരോധനം പിൻവലിക്കുക, ഫ്ളക്സ് പ്രിന്റിംഗ് പരസ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക, പ്രിന്റിംഗ് സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണയിൽ നിന്ന് രക്ഷിക്കുക, സുതാര്യമായ ഔട്ട്ഡോർ പരസ്യനയം പ്രഖ്യാപിക്കുക, ഫ്ളക്സ് റീസൈക്കിളിംഗ് പ്ളാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഫ്ളക്സ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കുംവരെ നിരോധനം നടപ്പാക്കരുതെന്ന് റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എം.പി പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളെ സർക്കാർ കണ്ണീരിലേക്ക് തള്ളിവിടരുത്.കാലത്തിന് അനുസരണമായി എല്ലാ മേഖലയിലും മാറ്റങ്ങൾ വരും. ആധുനിക കാലത്ത് പ്രചാരണങ്ങൾക്കുള്ള മുഖ്യഉപാധി ഫ്ളക്സാണ്. ഫ്ളക്സ് നിരോധിച്ചപ്പോൾ ആ തീരുമാനത്തെ അനുമോദിച്ചവർ ബോർഡ് വച്ചതും ഫ്ളക്സിലാണ്. ഫ്ളക്സ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ സൈൻപ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സർക്കാരിന് സമർപ്പിച്ചതായാണ് മനസിലാക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തിയിട്ടില്ല. ഫ്ളക്സാണ് ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് കാരണമായി പറയുന്നതിൽ കഴമ്പില്ല. യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഈ വാദമെന്നും മുരളീധരൻ പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ഔസേപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വിവിധ കക്ഷി നേതാക്കളായ ചൂഴാൽ ജി.നിർമ്മലൻ,കരുമം സുന്ദരേശൻ, അസോസിയേഷൻ മുഖ്യ രക്ഷാധികാരി ചന്ദ്രമോഹൻ.സി, സമരസമിതി ജനറൽ കൺവീനർ കരമന രാജീവ്, സാബുലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: ഫ്ളക്സ് നിരോധനത്തിനെതിരെ എസ്.പി.ഐ.എ സെക്രട്ടേറിയറ്റിനുമുന്നിൽ ആരംഭിച്ച റിലേ സത്യാഗ്രഹം കെ. മുരളീധരൻ എം. പി ഉദ്‌ഘാടനം ചെയ്യുന്നു.