തിരുവനന്തപുരം: രാധാമണിയെന്ന പേരു കേൾക്കുമ്പോൾ, ഒരിക്കൽ വെള്ളിത്തിരയിൽ തിളങ്ങിനിന്ന മുഖം ഓർമ്മവരണമെന്നില്ല. പക്ഷേ, ഈ ചിത്രം കാണുമ്പോൾ നമ്മൾ തിരിച്ചറിയും, അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ചിത്രങ്ങളിൽ മുതൽ സിബി മലയിലിന്റെയും സംവിധായകൻ സിദ്ദിഖിന്റെയും വരെ സിനികളിൽ വേഷമിട്ട ടി.പി. രാധാമണി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന്, അർബുദ ചികിത്സയ്ക്കു പോലും പണമില്ലാതെ രാധാമണി ഇവിടെയുണ്ട്- തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത്, ലോഡ്‌ജ് മുറിയിൽ.
1970- കളുടെ ആദ്യവർഷങ്ങളായിരുന്നു രാധാമണിയുടെ തിരക്കുള്ള കാലം. ഇന്നത്തെപ്പോലെ ആഴ്ചതോറും റിലീസുകൾ ഇല്ലാതിരുന്ന കാലത്തു പോലും 1974 ൽ രാധാമണി അഭിനയിച്ചത് ഒൻപതു ചിത്രങ്ങളിൽ. മികച്ച ഭാഷാചിത്രത്തിന് ദേശീയപുരസ്കാരം നേടിയ ഉത്തരായനവുമുണ്ട്, ആ പട്ടികയിൽ.
മോഹൻലാലിലും മമ്മൂട്ടിക്കുമൊപ്പം വരെ വേഷമിട്ട രാധാമണിയെ വീഴ്ത്തിയത് ഒന്നര വർഷം മുമ്പ് ശ്വാസകോശത്തെ ബാധിച്ച അർബുദമാണ്. രോഗം തലച്ചോറിലേക്കു കൂടി പടർന്നതോടെ തീർത്തും ഒറ്റപ്പെട്ടു. താരസംഘടനയായ അമ്മ കുറച്ചുനാൾ സഹായിച്ചു. പിന്നെ അവരും മറന്നു. ആർ.സി.സിയിലെ ചികിത്സയ്‌ക്ക് മാസം 28,000 രൂപയോളം വേണം. റേഡിയേഷനും മറ്റുമായി ചെന്നൈയിൽ നിന്ന് മാസംതോറും വന്നുപോകാനുള്ള പണം പോലും കൈയിലില്ല.
ഭർത്താവ് തനയലാലിന്റ ബിസിനസ് തകർന്നപ്പോൾ വലിയ നഷ്ടമുണ്ടായി. അതിനിടെയാണ് മകൻ അഭിനയ് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അവനെ തിരിച്ചുകിട്ടാൻ ഇരുപത് ലക്ഷത്തോളം രൂപ വേണ്ടിവന്നു. ഇപ്പോൾ അഭിനയ് പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകിട്ടുന്ന ചെറിയ വരുമാനം മാത്രം ആശ്രയം.
പ്രേംനസീറും സത്യനും മുതൽ ഇപ്പോഴത്തെ സൂപ്പർതാരങ്ങൾക്കൊപ്പം വരെ അഭിനയിച്ചു. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിനൊപ്പം ചെന്നൈ എക്സ്പ്രസിൽ വേഷമിട്ടു. കമലഹാസനും പ്രഭുവും വിജയ് സേതുപതിയും വരെ തെന്നിന്ത്യൻ സൂപ്പർ നായകർക്കൊപ്പം അഭിനയിച്ചു. ഇപ്പോൾ മന:പൂർവമെന്നോണം പലരും തന്നെ മറക്കുന്നതറിയുമ്പോൾ രാധാമണിയുടെ കണ്ണുകളിൽ നനവു പടരും.ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പഴയകാല താരങ്ങളെ സർക്കാർ ആദരിച്ചപ്പോൾ രാധാമണി ചികിത്സയ്ക്കായി തിരുവനന്തപുരത്തുണ്ടായിരുന്നു, മകനുമൊത്ത്! അക്കാര്യം ചലച്ചിത്ര അക്കാഡമിയിലെ പലർക്കും അറിയാമായിരുന്നെന്നും രാധാമണി പറയുന്നു. മറക്കണമെന്നു ചിലർ തീരുമാനിച്ചാൽപ്പിന്നെ മറ്റെന്തു ചെയ്യാൻ?