തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സാധിക്കണമെന്ന് പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ പറഞ്ഞു. 'കോർപ്പറേറ്റ് ആധിപത്യത്തിനെതിരെ ഐക്യവും പ്രതിരോധവും' എന്ന വിഷയത്തിൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) ഹസ്സൻ മരയ്ക്കാർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ് സി.ഒ.എ. ഒരുപാട് വളർച്ച ആർജിക്കാനും സാധിച്ചിട്ടുണ്ട്. ഏറ്റവുമധികം വെല്ലുവിളിയും മത്സരവും നേരിടുന്ന രംഗം കൂടിയാണിത്. ഈ മേഖലയെ സംരക്ഷിച്ച് നിലനിർത്താൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.ഒ.എ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.ആൻസലൻ എം.എൽ.എ, ഡോ.ഗോപകുമാർ, എസ്.എൻ.ഇ.എ - ബി.എസ്.എൻ.എൽ സെക്രട്ടറി ടി.സന്തോഷ് കുമാർ, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോ. വൈസ് പ്രസിഡന്റ് മധുലാൽ ജെ, കെ.ടി.എഫ് സെക്രട്ടറി ബേബി മാത്യു സോമതീരം, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.എസ് രാധാകൃഷ്ണൻ, സി.ഒ.എ മുൻ ജനറൽ സെക്രട്ടറി കെ.ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.വി രാജൻ സ്വാഗതവും ട്രഷറർ അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.