നെടുമങ്ങാട്: കൈയേറ്റം ഒഴിപ്പിച്ച് കിള്ളിയാർ നദീസംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കിള്ളിയാർ മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് നെടുമങ്ങാട് നഗരസഭയിൽ തുടക്കമായി. ഇരുവശങ്ങളും ശാസ്ത്രീയമായി അളന്നുതിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. നഗരസഭ പരിധിയിൽ 16 കിലോമീറ്റർ തീരപ്രദേശമാണ് അളന്ന് തിട്ടപ്പെടുത്തുന്നത്. ഇതിനുശേഷം തീരപ്രദേശങ്ങളുടെ നിയന്ത്രണം കിള്ളിയാർ മിഷൻ ഏറ്റെടുക്കും. സർക്കാർ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയ തുക വിനിയോഗിച്ച് തടയണകൾ, ചെക്ക് ഡാമുകൾ, വിശ്രമ സങ്കേതങ്ങൾ എന്നിവ നിർമ്മിക്കുകയാണ് ലക്ഷ്യം. അളവെടുക്കുന്ന നടപടികളുടെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. പത്താംകല്ല് ഇരുമരം പാലത്തിനു സമീപത്ത് നിന്നാണ് അളവെടുപ്പ് ആരംഭിച്ചത്. ഉദ്‌ഘാടനച്ചടങ്ങിൽ കിള്ളിയാർ മിഷൻ ചെയർമാനും ബ്ലോക്ക് പ്രസിഡന്റുമായ ബി. ബിജു അദ്ധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ് കുമാർ, ഗീതാകുമാരി, റൈഹാനത്ത് ബീവി, കൗൺസിലർ നൂർജി, നഗരസഭ സെക്രട്ടറി എസ്. നാരായണൻ, കിള്ളിയാർ മിഷൻ നഗരസഭ കോ ഓർഡിനേറ്റർ എം. ഷിഹാബുദീൻ എന്നിവർ നേതൃത്വം നൽകി.