തിരുവനന്തപുരം: ടെക്‌നോപാർക്ക് അപ്രോച്ച് റോഡ് കഴക്കൂട്ടം പ്രോജക്ട്, ബാലരാമപുരം വഴിമുക്ക് (വലത് ഭാഗം) റോഡ്, ബാലരാമപുരം വഴിമുക്ക് (ഇടത് ഭാഗം) റോഡ് എന്നിവയുടെ വിപുലീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഭൂമി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. റിപ്പോർട്ടുകൾ ബന്ധപ്പെട്ട സൈ​റ്റുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ മുമ്പാകെയും ലഭ്യമാണ്. അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മൂന്നു റോഡ് പദ്ധതികളുമായി ബന്ധപ്പെട്ടും വെവ്വേറെ പൊതുജനങ്ങൾക്കായി ഹിയറിംഗ് നടത്തും.

ബാലരാമപുരം - വഴിമുക്ക് (വലത് ഭാഗം) റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ മൊത്തം 331 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തി. അതിൽ 73 എണ്ണം സ്ഥിരമായ കെട്ടിടങ്ങളാണ്.13 എണ്ണം താത്കാലിക കെട്ടിടങ്ങളും. അതിനാൽ ഉടമകൾക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നും നഷ്ടപരിഹാര പാക്കേജ് കണക്കാക്കുമ്പോൾ ഇത് പരിഗണിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ബാലരാമപുരം - വഴിമുക്ക് (ഇടത് ഭാഗം) പദ്ധതിയുമായി ബന്ധപ്പെട്ട് ബാലരാമപുരം പ്രധാന റോഡിന് ഇടതുവശത്തുള്ള ഭൂമിയുടെ മാർക്കറ്റ് വില 50,000 രൂപയ്ക്ക് മുകളിലാണെന്ന നിഗമനത്തിലാണ് പഠനസംഘം എത്തിയത്.

ടെക്‌നോ പാർക്ക് അപ്രോച്ച് റോഡ് പോജക്ട് കഴക്കൂട്ടം റോഡ് പദ്ധതിയുടെ ഹിയറിംഗ് ഒക്ടോബർ മൂന്നിന് രാവിലെ 10 മണിക്ക് കുളത്തൂർ എസ്.എൻ.ഡി.പി ശാഖ വടക്കുംഭാഗം ഹാളിൽ നടത്തും.
ബാലരാമപുരം വഴിമുക്ക് (വലത് ഭാഗം) റോഡ് ഹിയറിംഗ് ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്കും ബാലരാമപുരം വഴിമുക്ക് (ഇടത് ഭാഗം) റോഡ് ഹിയറിംഗ് ഉച്ചയ്ക്ക് ഒരുമണിക്കും ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഈ റിപ്പോർട്ടുകൾ പദ്ധതിബാധിതർക്ക് പരിശോധിച്ച് അർഹരായ ആരുടെയെങ്കിലും വിവരങ്ങൾ ഉൾപ്പെടുത്താതെയുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകളുടെ പിൻബലത്തോടെ ചൂണ്ടിക്കാണിക്കാം. അനർഹരായ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങൾ ആനുകൂല്യത്തിന് അർഹരായവരുടെ കൂട്ടത്തിൽ കണ്ടെത്തിയാൽ അതും ശ്രദ്ധയിൽ കൊണ്ടുവരാം. ഇത്തരം വിവരങ്ങൾ പരിശോധിച്ചതിനുശേഷം അന്തിമറിപ്പോർട്ട് സമർപ്പിക്കും.
ടെക്‌നോ പാർക്ക് അപ്രോച്ച് റോഡ് പ്രോജക്ടിന്റെ പ്രാഥമിക റിപ്പോർട്ട് http://bit.ly/2mw5SpR എന്ന സൈ​റ്റിലും, ബാലരാമപുരം വഴിമുക്ക് (വലത് ഭാഗം) റോഡിന്റെ റിപ്പോർട്ട് http://bit.ly/2mw51p9 എന്ന ലിങ്കിലും ബാലരാമപുരം വഴിമുക്ക് (ഇടത് ഭാഗം) റോഡിന്റെ റിപ്പോർട്ട് http://bit.ly/2lALe7D എന്ന ലിങ്കിലും ലഭ്യമാണ്. ഇവ യഥാക്രമം ആ​റ്റിപ്ര വില്ലേജ് ഓഫീസ്, ബാലരാമപുരം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും പരിശോധിക്കാം.