തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന വാദം ഫേസ്ബുക്കിലൂടെ ഉന്നയിച്ച വി.ടി. ബലറാം എം.എൽ.എയ്‌ക്ക് നിമിഷങ്ങൾക്കകം കിടിലൻ മറുപടിയുമായി മന്ത്രി എം.എം. മണിയുടെ മറു പോസ്റ്റ്. സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി നൽകിയ 131.26 കോടി രൂപ എവിടെ പോയെന്നായിരുന്നു ബൽറാമിന്റെ ചോദ്യം. കെ.എസ്.ഇ.ബി നൽകിയത് വണ്ടിച്ചെക്കായിരുന്നോ എന്നും ആക്ഷേപമുണ്ട്.
എന്നാൽ ആഗസ്റ്റ് 20 ന് നൽകിയ ചെക്ക് 22ന് തന്നെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചെന്ന് എം.എം. മണി വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ സാലറിയും പെൻഷനും എസ്.ബി.ഐ മുഖേനയാണെന്ന് പറഞ്ഞ മന്ത്രി ട്രഷറിയിലെ കണക്കാണ് എം.എൽ.എ എടുത്ത് കാണിക്കുന്നതെന്നും പറഞ്ഞു.'ചാടിക്കളിക്കെടാ കൊച്ചുരാമാ"... എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ എന്നും ബലരാമൻ വെറും 'ബാലരാമൻ" ആവരുതെന്നും മന്ത്രി പരിഹസിച്ചു. മന്ത്രിയുടെ മറുപടി വായിച്ചതോടെ ബലറാമിനെതിരെ ട്രോളി നിരവധി പേർ രംഗത്തെത്തി. എന്നാൽ ബലറാം പോസ്റ്റ് പിൻവലിച്ചിട്ടില്ല.