by-election

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായതോടെ സംസ്ഥാനത്ത് പോർക്കളം സജ്ജം. ഇനി പോരാട്ടത്തിന്റെ ഇരുപത് ദിനങ്ങൾ.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അസ്വസ്ഥതയുടെ കനലുകൾ അവസാന മണിക്കൂർ വരെ യു.ഡി.എഫിലും എൻ.ഡി.എയിലും പുകഞ്ഞുനിന്നെങ്കിലും പത്രികാസമർപ്പണത്തോടെ താൽക്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് നേതൃത്വങ്ങൾ. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥിനിർണ്ണയം പൂർത്തീകരിച്ചതിനൊപ്പം, പാലാ വിജയവും ഇടതുക്യാമ്പുകളിൽ ആവേശം വിതച്ചിട്ടുണ്ട്. എന്നാൽ, പെരിയ ഇരട്ടക്കൊലക്കേസിൽ ഇന്നലെ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനം അപ്രതീക്ഷിത അടിയായി.

അന്തിമസ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലം കോന്നിയായി . പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മികച്ച പോരാട്ടം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയായെത്തിയതോടെ കോന്നി ശക്തമായ ത്രികോണപ്പോരാട്ടത്തിന് വേദിയായി. അപ്രതീക്ഷിത അട്ടിമറിയിൽ കുമ്മനം ഒഴിവാക്കപ്പെട്ടതോടെ, ബി.ജെ.പി പ്രതീക്ഷയർപ്പിച്ച വട്ടിയൂർക്കാവും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.

വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും അതൃപ്തി മാറ്റിയെടുക്കാനായതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്. മുരളീധരന്റെ നോമിനിയായി ആദ്യം ചിത്രത്തിലുണ്ടായിരുന്ന എൻ. പീതാംബരക്കുറുപ്പിനെ തഴഞ്ഞ് കെ. മോഹൻകുമാറിന് സീറ്ര് നൽകിയത് പഴയ കരുണാകരപക്ഷത്തിൽ അതൃപ്തിക്കിടയാക്കിയിരുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ളവർ മുരളീധരനുമായി സംസാരിച്ച് മഞ്ഞുരുക്കി. ഇന്നലെ വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുരളിയെത്തി.കോന്നിയിൽ അവസാനനിമിഷം വരെയും ഇടഞ്ഞുനിന്ന അടൂർ പ്രകാശുമായി രമേശും മുല്ലപ്പള്ളിയും ഇന്നലെ രാവിലെ നടത്തിയ ചർച്ചകൾക്കൊടുവിലാണ്അദ്ദേഹത്തെ അനുനയിപ്പിക്കാനായത്. പ്രകാശ് കോന്നിയിൽ പി. മോഹൻരാജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു.

വട്ടിയൂർക്കാവിൽ ബി.ജെ.പി ഹിതപരിശോധന നടത്തി കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ ആദ്യത്തെ പേര് കുമ്മനം രാജശേഖരന്റേതായിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലുള്ള സമ്മർദ്ദം ആർ.എസ്.എസ് സംസ്ഥാനഘടകത്തിൽ നിന്നുണ്ടായില്ല. പട്ടികയിലെ രണ്ടാമൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷായിരുന്നു. യുവനേതാവ് വി.വി. രാജേഷിനോടാണ് പ്രാദേശിക ആർ.എസ്.എസ് നേതൃത്വം താല്പര്യം കാട്ടിയത്.എന്നാൽ ബി.ജെ.പിയിലെ കൃഷ്ണദാസ്, എം.ടി. രമേശ് പക്ഷം രാജേഷിനെതിരായി. കുമ്മനത്തിന് മേൽ സമ്മർദ്ദം ശക്തമായത് ഇതേത്തുടർന്നായിരുന്നു. അവസാനം ആർ.എസ്.എസ് നേതൃത്വം വഴങ്ങുകയും ,മത്സരത്തോട് കുമ്മനത്തോടൊപ്പം മുഖം തിരിച്ചുനിന്ന കെ. സുരേന്ദ്രനെ കോന്നിയിൽ നിറുത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കേന്ദ്രനേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത അട്ടിമറിയിൽ കുമ്മനം വെട്ടിമാറ്റപ്പെട്ട് എസ്. സുരേഷിന് നറുക്ക് വീണു. . ഇതിൽ ആർ.എസ്.എസ് നേതൃത്വത്തിനുള്ള അതൃപ്തി ഏതുരീതിയിൽ പ്രതിഫലിക്കുമെന്നതിൽ ബി.ജെ.പിക്കകത്ത് ആശങ്കയില്ലാതില്ല.

പെരിയ വിധിയുടെ പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയം വീണ്ടും ശക്തമായ പ്രചരണായുധമാക്കാനാണ് യു.ഡി.എഫ് നീക്കം. ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഇതായുധമാക്കുന്നു. ഒപ്പം ശബരിമലയും പ്രളയദുരിതാശ്വാസ വിതരണത്തിലെ കല്ലുകടികളും കിഫ്ബി അഴിമതിയാരോപണങ്ങളുമടക്കം ഉയർത്തി പ്രചരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. എന്നാൽ, പാലായിലേത് സർക്കാരിന്റെ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമെന്ന് പറഞ്ഞ് തിരിച്ചടിക്കാനാണ് ഇടത് ശ്രമം. പാലാരിവട്ടം പാലം അഴിമതിക്കേസുൾപ്പെടെ യു.ഡി.എഫിനെതിരെ അവർ ആയുധമാക്കും. നാലിടത്ത് യുവാക്കളെ രംഗത്തിറക്കിയതും നേരത്തേ പ്രചരണത്തിനിറങ്ങിയതും തുടക്കത്തിൽ ഇടതിന് നേടിക്കൊടുത്ത മേൽക്കൈ എതിർപക്ഷം കാണാതിരിക്കുന്നില്ല.