വർക്കല: കടലോരഗ്രാമമായ വെട്ടൂരിലെ വികസനം പ്രഖ്യാപനങ്ങളിൽ മാത്രം. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടേക്ക് മതിയായ യാത്രാസൗകര്യം പോലും ഇല്ല. മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളും ആറോളം സ്വകാര്യ ബസുകളും ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ മൂന്ന് സ്വകാര്യബസുകൾ മാത്രമാണ് പേരിനുവേണ്ടി സർവീസ് നടത്തുന്നത്.
വെട്ടൂരിലേക്ക് പെർമിറ്റ് നേടിയ നിരവധി സ്വകാര്യബസുകൾ ഉണ്ടെങ്കിലും ഇവയെല്ലാം റൂട്ട് മാറ്റി സർവീസ് നടത്തുകയാണ്. മതിയായ കളക്ഷൻ ഇല്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് ഇതുവഴിയുളള കെ.എസ്.ആർ.ടി.സി ബസുകൾ പിൻവലിച്ചത്. സ്വകാര്യ ബസുകളുടെ അഭാവം കൂടിയായതോടെ താഴെ വെട്ടൂർ നിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശം ചില്ലറയല്ല. വെട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഫിഷറീസ് ഓഫീസ്, അഞ്ചോളം അംഗൻവാടികൾ, അരിവാളം പാർക്ക്, ആറോളം മുസ്ലിം പളളികൾ തുടങ്ങിയ ഇടങ്ങളിലേക്ക് വന്നുപോകുന്ന സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു യാത്രക്കാരും വർക്കല ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ നടന്നുവേണം താഴെ വെട്ടൂരിൽ എത്താൻ.
ഇവിടുത്തെ ഇടറോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്. ഒട്ടുമിക്ക ഇടറോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. താഴെവെട്ടൂർ ജംഗ്ഷനിലെ പഴയപാലം, തയ്ക്കാവ് കൊച്ചുപാലം എന്നിവ ജീർണ്ണാവസ്ഥയിലാണ്. വർഷങ്ങളായി താഴെവെട്ടൂർ എന്ന കൊച്ചുഗ്രാമത്തിന്റെ വികസനം പലപ്പോഴും സർക്കാർ പദ്ധതികളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങുകയാണ്.