തിരുവനന്തപുരം: പൂജപ്പുര പൊലീസ് അന്വേഷിച്ചിരുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീവച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ ബെഹ്റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാകും കേസന്വേഷിക്കുക. അന്വേഷണത്തിന്റെ ഭാഗമായി സ്വാമി സന്ദീപാനന്ദഗിരിയിൽ നിന്ന് വിശദമായി മൊഴിയെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വർഷത്തോളമായിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിനെ തുടർന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഇമെയിൽ വഴി അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവിയുടെ നടപടി.
കഴിഞ്ഞ ഒക്ടോബറിലാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് നേരെ അക്രമമുണ്ടായത്. അക്രമത്തിൽ ആശ്രമത്തിന്റെ ഒരു ഭാഗം കത്തിയതിനു പുറമേ രണ്ട് കാറുകളും ഒരു ബൈക്കും കത്തി നശിക്കുകയും ചെയ്തിരുന്നു. പി.കെ ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ ഒരു റീത്തും ആശ്രമത്തിന്റെ വാതിൽക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വലിയവിള സ്വദേശിയായ ഒരാൾക്കെതിരെ സന്ദീപാനന്ദ ഗിരി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് സന്ദീപാനന്ദ ഗിരിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്.