നെടുമങ്ങാട്: കനത്ത മഴയിൽ കിള്ളിയാറിനു കുറുകെയുള്ള താത്കാലിക നടപ്പാലം വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള കാൽനടയാത്ര അധികൃതർ തടഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നടപ്പാലത്തിൽ വെള്ളം കയറിയത്. വട്ടപ്പാറ, നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകേണ്ട നിരവധി യാത്രക്കാർ ഇരുകരകളിലും കുടുങ്ങി. നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ അടിഭാഗത്ത് ചവറും മാലിന്യവും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് തീരങ്ങളിൽ വെള്ളം കയറാനും ഇടയാക്കി. താത്‌കാലിക നടപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇതുവഴി യാത്രക്കാരെ കടത്തി വിടുകയുള്ളുവെന്ന് പി.ഡബ്ലിയു.ഡി അധികൃതർ പറഞ്ഞു. പാലത്തിൽ വെള്ളം കയറിയ വിവരം ലഭിച്ചയുടൻ സി. ദിവാകരൻ എം.എൽ.എ അസി. എക്സിക്യുട്ടീവ് എഞ്ചിനിയറെ ഫോണിൽ ബന്ധപ്പെട്ടു, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.