തിരുവനന്തപുരം : ഒറ്റക്കെട്ടായി പ്രവർത്തിക്കാതെ മുന്നണിയെ ദുർബലപ്പെടുത്തുന്നവർ യു.ഡി.എഫിലുണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണ്. കൂട്ടായി പ്രവർത്തിക്കാത്തത്തിന്റെ ഫലമാണ് പാലയിൽ കണ്ടത്. ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണ് പാലായിലെ എൽ.ഡി.എഫിന്റെ വിജയം. അതിൽ സി.പി.എമ്മിന് അമിതാഹ്ലാദം വേണ്ട. ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിൽ അയയ്ക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യു. ഡി. എഫ് അധികാരത്തിൽ വന്നാൽ കോടതി വിധി മറിക്കടക്കാനുള്ള നിയമനിർമ്മാണം ആദ്യം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ഥാനാർത്ഥി കുപ്പായം ഇട്ടു വന്ന കുമ്മനം രാജശേഖരനെ മാറ്റി ദുർബലനായ സുരേഷിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത് വോട്ടുകച്ചവടത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി, എം.എൽ.എമാരായ വി.എസ് ശിവകുമാർ, അനൂപ് ജേക്കബ്, ഡോ. എൻ.ജയരാജ്, മോൻസ് ജോസഫ്, എം.വിൻസെന്റ്, കെ.എസ്.ശബരിനാഥൻ,
എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി.ശരത്ചന്ദ്രപ്രസാദ്, ഡോ.ശൂരനാട് രാജശേഖരൻ, മൺവിള രാധാകൃഷ്ണൻ, യു.ഡി.എഫ് നേതാക്കളായ സി.പി ജോൺ, ബീമാപ്പള്ളി റഷീദ്, റാംമോഹൻ, തോന്നക്കൽ ജമാൽ, ഡെയ്സി ജേക്കബ്, കരുമം സുന്ദരേശൻ, സത്യപാലൻ, എം.പി.സാജു, സത്യപാലൻ, എം.ആർ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.