ആദിവാസി ഉൗരുകൾ ഒറ്റപ്പെട്ടു കോട്ടൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോട്ടൂർ അഗസ്‌ത്യവന മേഖലയിലെ ഉൾവനത്തിൽ ഉരുൾപൊട്ടി. ഇന്നലെ വൈകിട്ടോടെയാണ് ഉൾവനത്തിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞൊഴുകി. കോട്ടൂർ ഉൾവനത്തിലെ ആദിവാസി ഊരുകളും വനാതിർത്തിയോടു ചേർന്ന ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ വെള്ളത്തിലായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഏലിമല പ്രദേശത്ത് സലിം, മോഹനൻ, ബിനുകുമാർ, ഹനീഫ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. മഴ തുടരുന്ന കാഞ്ഞിറങ്ങാട്, വട്ടകുഴി, പട്ടകുടി പ്രദേശത്തും വീടുകളിൽ വെള്ളം കയറി. വാഴപ്പള്ളി പ്രദേശത്ത് പ്രസന്നൻ, വീരേന്ദ്രൻ, ദിവാകരൻ, അമ്പിളി, കാവ് നടയിൽ വത്സല, കുരുന്തരക്കോണത്ത് സതീഷ്, മിനി, ജയൻ, അലൻ, സല്ലു, സുനു എന്നിവരുടെ വീടുകളിലും വെള്ളം കയറി. കോട്ടൂർ മുണ്ടനിനടയിൽ ചന്ദ്രന്റെ വീട് അപകടാവസ്ഥയിലാണ്. കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കാരിയോട് പ്രദേശത്ത് തോടിന് സമീപത്തെ ഏലായിലാണ് വെള്ളം കയറിയത്. പ്രദേശത്ത് വൈദ്യുതിബന്ധം താറുമാറായി. ഇവിടെ എത്തിപ്പെടാനുള്ള റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മഴയ്‌ക്ക് ശമനമാകാത്തതിനെ തുടർന്ന് നിരവധി പേർ ബന്ധുവീടുകളിലേക്ക് മാറി.
ഉൗരുകളിൽ ഒറ്റപ്പെട്ടവരുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമം തുടരുകയാണ്. രാത്രി വൈകിയും പ്രദേശത്ത് മഴ തുടരുന്നതിനാൽ തഹസിൽദാരും റവന്യൂ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്താൻ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രിയും ഇന്നലെ പകലും തുടർച്ചയായി മഴ പെയ്‌തതിനാൽ നെയ്യാറിലെ വെള്ളം ഉയർന്നതും തോടുകളും കാട്ടരുവികളും നിറഞ്ഞതുമാണ് ആദിവാസി ഉൗരുകൾ ഒറ്റപ്പെട്ടാൻ കാരണം. ഉൗരുകളിലെ മിക്ക വീടുകളും പരിസരവും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. കുമ്പിൾമൂട് കരിയോട് തോട് നിറഞ്ഞൊഴുകിയതോടെ പരിസരത്തുള്ളവർ ആശങ്കയിലാണ്. കാട്ടിൽ മഴ പെയ്‌ത് വലിയ അളവിൽ വെള്ളമെത്തിയതാണ് ഉൗരുകൾ ഒറ്റപ്പെടാനും അപകട ഭീതിയിലാകാനും കാരണമെന്നാണ് റവന്യൂ വകുപ്പിന്റെ നിഗമനം. അതേസമയം കോട്ടൂർ ഏലിമലയിൽ ഉരുൾപൊട്ടലോ മറ്റു പ്രതിഭാസമോ ഉണ്ടായെന്നത് പ്രാഥമിക വിവരമാണെന്നും ഇതേപ്പറ്റി കൂടുതൽ സ്ഥിരീകരണം ഇപ്പോൾ പറയാനാവില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പിനുള്ള സജ്ജീകരണങ്ങൾ റവന്യൂ വകുപ്പ് ഒരുക്കിത്തുടങ്ങി.