കാട്ടാക്കട: കനത്തമഴയിൽ കോട്ടൂർ അഗസ്ത്യ വനമേഖലയിൽ ഉൾവനത്തിൽ നിന്നും അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് കുറ്റിച്ചൽ പഞ്ചായത്തിന്റെ ഒരു പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. കോട്ടൂർ മുതൽ കാര്യോട് വരെ ആറ് കിലോമീറ്റർ പ്രദേശമാണ് വെള്ളത്തിനടിയിലായത്. കോട്ടൂർ മുണ്ടണിനട മുതൽ കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞൊഴുകി. ഇതോടെ കോട്ടൂർ, പറക്കാട്, എലിമല, വാഴപ്പള്ളി, ഉത്തരംകോട്, ചപ്പാത്ത്, സ്കൂൾ ജംഗ്ഷൻ, പച്ചക്കാട് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ ഏലായിൽ കൃഷിചെയ്തിരുന്ന കാർഷിക വിഭവങ്ങൾ പൂർണമായും വെള്ളം കയറി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് നാലോടെയാണ് കാര്യോട് കുമ്പിൾമൂട് തോട്ടിൽ ക്രമാതീതമായി വെള്ളം പൊങ്ങിയത്. വളരെപ്പെട്ടെന്നുതന്നെ തോട് കരകവിഞ്ഞൊഴുകി പ്രദേശങ്ങൾ ഒറ്റപ്പെടാൻ തുടങ്ങി. ഇതോടെ ജനങ്ങൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ജനങ്ങൾ പരിഭ്രാന്തരായി ബന്ധുവീടുകളിലേക്ക് അഭയം തേടി. ദുരിതാശ്വാസ ക്യാമ്പിനുള്ള സജ്ജീകരണങ്ങൾ റവന്യൂ വകുപ്പ് ഒരുക്കിയെങ്കിലും വെള്ളം താഴുമെന്ന പ്രതീക്ഷയിൽ ആളുകൾ ബന്ധുവീടുകളിൽ തങ്ങുകയാണ്. ആദിവാസി ഊരുകൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോട്ടൂരിലെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി. മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ ജലം ഒഴുകി കുമ്പിൾമൂട് കാരിയോട് തോട്ടിലെത്തി എന്ന നിഗമനത്തിലാണ് റവന്യൂ വകുപ്പും ഫയർഫോഴ്സും. അതേ സമയം കോട്ടൂർ അഗസ്ത്യവന മേഖലയിലെ മാങ്കോട് എലിമല സെറ്റിൽമെന്റിൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ പോലുള്ള പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി പൂർണമായും ഒറ്റപ്പെട്ടതോടെ ആദിവാസി ഊരുകളിൽ എന്തു സംഭവിച്ചു എന്നറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. മൊബൈൽ നെറ്റ് വർക്കും കിട്ടാതായതോടെ രാത്രി വൈകിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.