ദേശീയ റെക്കോഡ് തകർത്തു
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വക നൽകി വനിതകളുടെ ജാവലിൻ ത്രോയിൽ ദേശീയ റെക്കോഡ് തകർത്ത പ്രകടനവുമായി അന്നു റാണി ഫൈനലിലെത്തി. ലോകചാമ്പ്യൻഷിപ്പിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് അന്നു. ഇന്നലെ രാത്രി 7:30ന് തുടങ്ങിയ യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ ഗ്രൂപ്പ് എയിൽ തന്റെ രണ്ടാം ശ്രമത്തിൽ 62.43 മീറ്റർ എറിഞ്ഞാണ് അന്നു ഫൈനൽ ഉറപ്പാക്കിയത്. കഴിഞ്ഞ മാർച്ചിൽ താൻ തന്നെ സ്ഥാപിച്ച 62.34 മീറ്ററിന്റെ ദേശീയ റെക്കോഡാണ് അന്നു പഴങ്കഥയാക്കിയത്. ജാവലിൻ ത്രോയിൽ 60 മീറ്റർ മറികടക്കുന്ന ആദ്യ ഇന്ത്യൻ താരവും അന്നുവാണ്.
ആദ്യ ശ്രമത്തിൽ 57.05 മീറ്റർ എറിഞ്ഞാണ് അന്നു തുടങ്ങിയത്. തുടർന്ന് രണ്ടാം ശ്രമത്തിൽ ദേശീയ റെക്കാഡിനപ്പുറം 62.43 മീറ്റർ എറിഞ്ഞ് ഫൈനൽ ബർത്തും ഉറപ്പാക്കി. എന്നാൽ മൂന്നാം ശ്രമത്തിൽ 60.50 മീറ്റർ മാത്രമേ കണ്ടെത്താനായുള്ളു.
റൗണ്ടിൽ 63.48 മീറ്റർ കുറിച്ച ഏഷ്യൻ ഗെയിംസ് സുവർണജേതാവായ ചൈനയുടെ ലിയു ഷിംഗ് ഒന്നാമതെത്തി. 62.87 മീറ്റർ എറിഞ്ഞ സ്ലോവേനിയയുടെ രാതെജ് മാർട്ടിനയ്ക്കു പിന്നിൽ മൂന്നാമതായാണ് അന്നു ഫൈനലിൽ കടന്നത്.
ഗ്രൂപ്പ് ബിയിൽ 67.27 മീറ്റർ കുറിച്ച ചൈനീസ് താരം ഹുഹുയി ലിയു, 65.29 മീറ്റർ കുറിച്ച ജർമൻ താരം ക്രിസ്റ്റിൻ ഹുസോങ് എന്നിവരാണ് യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച പ്രകടനം കുറിച്ച ആദ്യ രണ്ടു താരങ്ങൾ.
രണ്ടു ഗ്രൂപ്പുകളിൽ നിന്നുമായി 30 പേർ മത്സരിച്ചതിൽ അഞ്ചാം സ്ഥാനത്താണ് അന്നു. ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാ മാർക്ക് 63.50 മീറ്ററായിരുന്നു. എന്നാൽ ആദ്യ 12 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യോഗ്യത ഉറപ്പാക്കാം. ഇതിലൂടെയാണ് അന്നുവിന്റെ ഫൈനൽ പ്രവേശനം.
200 മീറ്ററിൽ അർച്ചന പുറത്ത്
ദോഹ: വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ അർച്ചനാ സുശീന്ദ്രൻ ഹീറ്ര്‌സിൽ തന്നെ പുറത്തായി.
ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസാന നിമിഷം ഇടംപിടിച്ച അർച്ചന രണ്ടാം ഹീറ്റ്സിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 23.65 സെക്കൻഡിലാണ് അർച്ചന മത്സരം പൂർത്തിയാക്കിയത്.
ബൾഗേറിയയുടെ ഇവറ്റ് ലലോവ 22.79 സെക്കൻഡിൽ ഒന്നാം സ്ഥാനത്തും ബ്രിട്ടന്റെ ജോഡി വില്യംസ് 22.80 സെക്കൻഡിൽ രണ്ടാം സ്ഥാനത്തും സ്വിറ്റ്സർലൻഡിന്റെ മുജിംഗ കബുൻഡിയി 22.82 സെക്കൻഡിൽ മൂന്നാമതും ഈ ഹീറ്റ്‌സിൽ ഫിനിഷ് ചെയ്തു.
ആറു ഹീറ്റ്സുകളിൽ നിന്നായി 24 പേർ സെമിഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ മികച്ച സമയത്തിൽ ആദ്യ അഞ്ചിൽ മൂന്നു സ്ഥാനം സ്വന്തമാക്കി അമേരിക്കൻ ആധിപത്യമായിരുന്നു 200 മീറ്റർ ട്രാക്കിൽ.
ബ്രിട്ടന്റെ ഡിന ആഷർ സ്മിത്ത് തന്നെ ഹീറ്റ്സിലെ മികച്ച സമയം കുറിച്ച് സെമി ബർത്ത് ഉറപ്പാക്കി. 22.32 സെക്കൻഡിലായിരുന്നു ആഷർ സ്മിത്തിന്റെ ഫിനിഷിംഗ്.
കഴിഞ്ഞ ദിവസം വനിതകളുടെ 100 മീറ്ററിൽ ദേശീയ റെക്കോഡോടെ വെള്ളി നേടിയതിനു പിന്നാലെയായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ കുതിപ്പ്. ഡിനയ്ക്കു പിന്നിൽ അമേരിക്കൻ താരങ്ങളായ ബ്രിട്ടാനി ബ്രൗൺ(22.33 സെ), ഏംഗലെറീൻ അന്നീലസ്(22.56 സെ), ഡെസേറ ബ്രയന്റ്(22.56സെ), ബഹ്‌റൈന്റെ ടിനിയ ഗെയ്തർ(22.56 സെ) എന്നിവരാണ് ഹീറ്റ്സിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തിയ മറ്റു താരങ്ങൾ.