ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആന തെരുവ് നായയെ കുരച്ചതിനെത്തുടർന്ന് വിരണ്ടോടിയത് നഗരത്തെ ഏറെനേരം പരിഭ്രാന്തിയിലാക്കി. കരുനാഗപ്പള്ളി സുധീഷ് എന്ന ആനയാണ് വിരണ്ടത്. ക്ഷേത്രത്തിൽ ഇന്നലെ രാവിലെ നടന്ന ശീവേലി എഴുന്നള്ളത്തിന്ശേഷമായിരുന്നു സംഭവം. സുധീഷിനെ തളയ്ക്കാനായി നിറുത്തവേ രണ്ട് നായ്ക്കൾ ആനയ്ക്കടുത്തേക്ക് കുരച്ചുകൊണ്ട് ഓടിയെത്തി. ഇതോടെ ഭയന്ന ആന വിരണ്ട് ക്ഷേത്രത്തിന് മുന്നിലേക്ക് ഓടി. ഈ സമയം ക്ഷേത്രത്തിന് മുന്നിൽ പ്രഭാഷണം നടക്കുകയായിരുന്നു. ഇത് കേട്ടുകൊണ്ടിരുന്ന ഭക്തർ ആന വിരണ്ടുവരുന്നത് കണ്ട് നാല് ഭാഗത്തേക്കും ഓടി. ക്ഷേത്രം ഗേറ്റിലൂടെ റോഡിലേക്കോടിയ ആന എ.വി.ജെ ജംഗ്ഷനിലൂടെ സാസ് ശാന്തി തിയേറ്റർ റോഡ് വഴി പഴയ തിരുമല റോഡിലൂടെ ചുങ്കം പാലത്തിലേക്ക് പോയി. പുറകെയോടിയ പാപ്പാൻമാർ അവിടെ വച്ച് ആനയെ ശാന്തനാക്കി അതേ റോഡിലൂടെ തിരിച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് തളച്ചു. ആന നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല.മുല്ലയ്ക്കൽ ക്ഷേത്രത്തിലും പരിസരത്തും തെരുവ് നായ്ക്കൾ ഭീഷണി പരത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
നഗരസഭ അധികൃതർക്കും മറ്റുള്ളവർക്കും രേഖാമൂലം പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ജി. വിനോദ് കുമാർ പറഞ്ഞു.
ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ ഇനിയെങ്കിലും അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി യോഗം അഭ്യർത്ഥിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, ഭാരവാഹികളായ ജി.സതീഷ്‌കുമാർ, ആർ.വെങ്കിടേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി. അനിൽ കുമാർ, രാമചന്ദ്രൻ, കെ.എം.ബാബു, ബി.വിജയൻ, കെ.പി.നാരായണൻ, ബി.വിജയൻ എന്നിവർ സംസാരിച്ചു.