r

ഹരിപ്പാട്: റോഡിന്റെ തിട്ട ഇടിഞ്ഞു വാൻ വെള്ളക്കെട്ടിലേക്ക് ചരിഞ്ഞു. കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ തൊട്ടുകടവ് പാലത്തിനു കിഴക്കുവശം വടക്കുഭാഗത്തേക്കുള്ള റോഡിന്റെ തിട്ട ഇടിഞ്ഞു ഇരുപത്‌ അടിയോളം താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്കാണ് വാൻ ചരിഞ്ഞത്. വൻ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കാർത്തികപ്പള്ളി ഭാഗത്തു നിന്നും വന്ന വാൻ പാലത്തിന്റെ കയറ്റത്തിൽ നിന്നും വടക്കോട്ട് ഉള്ള തൊട്ടുകടവ് മൈനാഗപ്പള്ളി കോളനി റോഡിലേക്ക് തിരിഞ്ഞപ്പോൾ മുൻഭാഗത്തെ വീൽ റോഡിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. വാഹനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേർ ഉണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി യാത്രക്കാരെ പുറത്തി​റക്കി​. തുടർന്ന് തൊട്ടടുത്ത വീട്ടിലെ ടിപ്പർ കൊണ്ടുവന്ന് ചരിഞ്ഞ വാൻ വലിച്ചു കയറ്റുകയായിരുന്നു.