photo

#ഇന്ന് ഗാന്ധിജിയുടെ 150 ാം ജന്മദിനം

ആലപ്പുഴ: മഹാത്മാഗാന്ധിജിയുടെ പാദ സ്പർശമേറ്റ കരുമാടിയിലെ "മുസാവരി ബംഗ്ളാവ് " ഇപ്പോഴും അവഗണനയിൽ . രാജഭരണ കാലത്തെ റസ്റ്റ് ഹൗസ് ആയിരുന്നു മുസാവരി ബംഗ്ളാവ്. വൈക്കം സത്യാഗ്രം നടക്കുന്ന കാലം. 1925ൽ ജനുവരി 17തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി റോഡ് മാർഗം കൊല്ലത്ത് എത്തി. അവിടെ നിന്ന് ബോട്ട് മാർഗം വൈക്കത്തേക്ക് യാത്ര തിരിച്ചു. കരുമാടിയിൽ എത്തിയപ്പോൾ രാത്രിയായി. കനാൽ പാതയിൽ കൊല്ലത്തിനും വൈക്കത്തിനും ഇടയിൽ മുസാവരി ബംഗ്ളാവ് മാത്രമാണ് റസ്റ്റ് ഹൗസ്. ബംഗ്‌ളാവിന്റെ മുറ്റത്തെ കടവിലാണ് ഗാന്ധിജി ബോട്ടിൽ വന്നിറങ്ങിയത്. അന്നുണ്ടായിരുന്ന കൂറ്റൻ നാട്ടുമാവുകൾ ഇപ്പോഴും ബംഗ്‌ളാവിന്റെ മുറ്റത്ത് തണൽവിരിച്ചുനിൽക്കുന്നു. കരുമാടിയിലെ ബംഗ്‌ളാവിൽ ഗാന്ധിജി ഒരു ദിവസം താമസിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ അദ്ദേഹത്തെ കാണാൻ എത്തി. പിറ്റേന്ന് നടന്ന് തകഴിയിലെത്തിയ ഗാന്ധിജി അവിടുന്ന് ജലമാർഗം വൈക്കത്തിനുപോയി. വൈക്കത്ത് എത്തിയ ഗാന്ധി സമരപ്പന്തലിൽ എത്തിയശേഷം പൊതുസമ്മേളനത്തിലും പങ്കെടുത്തശേഷമാണ് മടങ്ങിയത്. അഞ്ചുതവണ ഗാന്ധിജി തിരുവിതാംകൂർ സന്ദർശിച്ചിട്ടുണ്ട്.

മുസാവരി ബംഗ്‌ളാവ്

റോഡിനും കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയ്ക്കും സമീപം രാജഭരണ കാലത്തെ പണിത റസ്റ്റ്‌ഹൗസാണ് മുസാവരി ബംഗ്‌ളാവ്. 2.6ഹെക്ടർ സ്ഥലത്താണ് ഇത്. രാജഭരണം പോയശേഷം ബംഗ്‌ളാവ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായി. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ അമ്പലപ്പുഴ റോഡ്‌സ് സെ‌ക്ഷനും തകഴി ബ്രിഡ്ജസ് ഡിവിഷനും ബംഗ്‌ളാവിന്റെ ഒരുവശത്തും കരുമാടി ഗവ. ആയുർവേദ ആശുപത്രി മറുവശത്തും പ്രവർത്തിക്കുന്നു.ഗാന്ധിജി രാത്രി ചെലവഴിച്ച മുറി ഇന്നും മറ്റാവശ്യത്തിനായി ഉപയോഗിച്ചിട്ടില്ല. കാലപ്പഴക്കത്താൽ ബംഗ്‌ളാവ് നാശോന്മുഖമായി. കെട്ടിടത്തിന്റെ പരിസരം കാടുകയറി കിടക്കുന്നു. ഇടയ്ക്ക് അറ്റകുറ്റപ്പണികളൊക്കെ ചെയ്‌തെങ്കിലും ജീർണ്ണാവസ്ഥയിൽ നിന്നു മോചനമായിട്ടില്ല.

 വെളിച്ചം കാണാത്ത റിപ്പോർട്ട്

ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിൽപ്പോലും മുസാവരി ബംഗ്ളാവ് ചരിത്ര സ്മാരകം ആക്കുന്നതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. മുൻസാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് മുൻകൈയെടുത്ത് ദേശീയ മ്യൂസിയമാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. അന്നത്തെ പുരാവസ്തു വിഭാഗം ഡയറക്ടറും സാംസ്കാരിക വകുപ്പ് അഡീ ഷണൽ സെക്രട്ടറിയും മുസാവരി ബംഗ്ളാവ് ദേശീയ മ്യൂസിയം ആക്കുന്നതിന് അനുകൂല റിപ്പോർട്ട് നൽകി. എന്നാൽ ആ റിപ്പോർട്ട് വെളിച്ചം കാണാതെ പോയി.

" മുസാവരി ബംഗ്ളാവ് സർക്കാർ ഏറ്റെടുത്ത് ദേശീയ സ്മാരകമായി സംരക്ഷിക്കണം

ബേബിപാറക്കാടൻ, സംസ്ഥാന ചെയർമാൻ, ഗാന്ധിയൻ ദർശനവേദി