sudhakaran

മാന്നാർ: സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് അവശരാക്കി കെട്ടിയിട്ടശേഷം ബിവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ മോഷണം. പുലിയൂർ പാലച്ചുവട് ജംഗ്ഷന് സമീപമുള്ള ബിവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ ചൊവ്വാഴ്ച പുലർച്ചെ 2.30നാണ് മോഷണം നടന്നത്. ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരായ നൂറനാട് സുരേഷ് ഭവനത്തിൽ സുരേഷ് (47), ചെന്നിത്തല ചെറുകോൽ ഇടപ്പിള്ളേടത്ത് സുധാകരൻ (58) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-. കത്തി, കഠാര, ഇരുമ്പ് കമ്പി, എന്നിവയുമായി മദ്യശാലയുടെ ചുറ്റു മതിൽ ചാടിക്കടന്ന് എത്തിയ മോഷ്ടാക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷിനെയാണ് ആദ്യം മർദ്ദിച്ചത്. ഇത് തടയാനെത്തിയ സുധാകരനേയും മർദ്ദിച്ച് അവശനാക്കിയശേഷം നിലത്തിട്ട് ചവിട്ടി.. ഇരുവരുടേയും കൈകൾ പുറകിലേക്ക് പിടിച്ച് കെട്ടിയിട്ടു. തുടർന്ന് താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്ന് പൂട്ട് തകർത്താണ് മോഷ്ടാക്കൾ മദ്യശാലയിൽ കയറിയത്. ഇവിടെ നിന്ന് വിലകൂടിയ പന്ത്രണ്ടോളം മദ്യക്കുപ്പികൾ കൈക്കലാക്കി. സി സി ടി.വി കാമറയിൽ തങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞു എന്നു മനസിലാക്കി കാമറയുടെഹാർഡ് ഡിസ്‌ക് കൈവശപ്പെടുത്തി. തുടർന്ന് പണം വച്ചിരുന്ന ലോക്കർ പൊളിക്കാനും ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരുടെ മൊബൈലും മോഷ്ടാക്കൾ കൈക്കലാക്കി. തുടർന്ന് സുധാകരന്റെ ബൈക്കിൽ രക്ഷപ്പെട്ടു. യാത്രക്കിടെ മാവേലിക്കര തഴക്കരയിൽ വച്ച് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. . ഇതേ സമയംമർദ്ദനമേറ്റ് അവശരായിക്കിടന്ന സെക്യൂരിറ്റി ജീവനക്കാർ ഇഴഞ്ഞു നീങ്ങി പരസ്പരം ഇവരുടെ കയ്യിലെകെട്ടഴിച്ചു. അതിനുശേഷം സുരേഷിന്റെ ബൈക്കിൽ പോയി ബിവറേജിലെ മറ്റ് ജീവനക്കാരെയും മാനേജരേയും വിവരം അറിയിച്ചു. മാനേജരാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്. ചെങ്ങന്നൂർ പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകൾശേഖരിച്ചു.