മാന്നാർ: ദൈവശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ച മഹാപ്രവാചകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി മഠം ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു .എസ്.എൻ.ഡി.പി യോഗം പാവുക്കര 553ാം നമ്പർ ശാഖയിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1300 വർഷങ്ങൾക്ക് മുൻപ് ശ്രീ ശങ്കരാചാര്യൻ അവതരിപ്പിച്ച അദ്വൈത വേദാന്ത ശാസ്ത്രത്തെ പുതുക്കി വിലയിരുത്തി അതിന് കൂടുതൽ കാന്തിയും മൂല്യവും നൽകി പ്രായോഗിക വേദാന്തദർശനമായി ഗുരുദേവൻ മാറ്റി. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതം കൊണ്ടും തത്വദർശനം കൊണ്ടും പ്രായോഗികമല്ലെന്ന് ഉപദേശിച്ച ഗുരുദേവൻ അദ്വൈത ദർശനത്തെ ജനകീയ വിപ്ലവത്തിന്റെ ചാലകശക്തിയാക്കി മാറ്റിയെന്നും സ്വാമി പറഞ്ഞു.
ശാഖാ യോഗം പ്രസിഡന്റ് കെ.എൻ. മനോഹരൻ, വൈസ് പ്രസിഡന്റ് എം.കെ.പുരുഷൻ, സെക്രട്ടറി പി.എൻ.രാജേന്ദ്രൻ, ഗുരുകൃപ സേവാസമിതി പ്രസിഡന്റ് സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി രാജേഷ് രാജൻ എന്നിവർ ചേർന്ന് സ്വാമിയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
ഇന്ന് വൈകിട്ട് 5 മണിക്ക് സർവ്വൈശ്വര്യ പൂജയും തുടർന്ന് മഹാപ്രസാദ വിതരണവും നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുദേവന്റെ ശാരദസങ്കല്പം എന്ന വിഷയത്തെ ആസ്പദമാക്കി സത്സംഗവും നടത്തുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.