vellapally-natesan

ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായതിനാൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളാേട് പറഞ്ഞു.

സമുദായം നോക്കി വോട്ട് ചെയ്യുന്നവരല്ല അരൂരുകാർ. ഇത് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ മനസിലാകും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെൻഡ് അരൂരിൽ എൻ.ഡി.എയ്ക്ക് നിലനിറുത്താൻ കഴിയുമോയെന്നു പറയാനാവില്ല. 2016ൽ മത്സരിച്ചത് നാട്ടുകാരനും മിടുക്കനുമായ സ്ഥാനാർത്ഥിയായതിനാലാണ് വൻതോതിൽ വോട്ട് നേടിയത്. എല്ലാ മുന്നണികളും തങ്ങൾക്ക് ഒരു പോലെയാണെന്ന ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി.ബാബുവിന്റെ അഭിപ്രായം അവരുടെ പാർട്ടിയുടേതാണ്. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ ബി.ജെ.പി പാലിച്ചില്ലെന്നാണ് മനസിലാക്കുന്നത്. അത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എയെ ബാധിക്കുമോയെന്ന് ബി.ഡി.ജെ.എസാണ് വ്യക്തമാക്കേണ്ടത്. ഇപ്പോഴും അവർ എൻ.ഡി.എയുടെ ഭാഗമാണ്. .

പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ടീയാഭിപ്രായമാണ്. പാലായിലെ വിജയം എസ്.എൻ.ഡി.പി യോഗത്തിന്റേതു മാത്രമായി അവകാശപ്പെടുന്നില്ല. ബിഷപ്പ് ഉൾപ്പെടെയുള്ളവർ സഹായിച്ചിട്ടുണ്ട്. കോന്നിയിൽ കോൺഗ്രസ് വ്യക്തി താല്പര്യത്തിനു കീഴ്‌പ്പെട്ടില്ല. ആർജ്ജവത്തോടെയുള്ള സംഘടനാ മര്യാദയാണ് സ്വീകരിച്ചത്'- വെള്ളാപ്പള്ളി പറഞ്ഞു.