ആലപ്പുഴ: ഭരണ,സംഘടനാ രംഗങ്ങലിൽ അധികാര പങ്കാളിത്തം നൽകാതെ സ്ത്രീകളെ അവഗണിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കേന്ദ്ര വനിതാസംഘം വാർഷിക പൊതുയോഗവും ദീപാർപ്പണ ശതാബ്ദി ചരിത്രസ്മരണിക പ്രകാശനവും ചേർത്തല എസ്.എൻ കോളേജ് ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് 50 ശതമാനം വനിതാ സംവരണത്തിന് പാർലമെന്റിൽ നിയമനിർമ്മാണം നടത്താൻ ഇടത്-വലത് മുന്നണികൾ ശുഷ്കാന്തി കാട്ടുന്നില്ല. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ എല്ലാ രംഗത്തും പുറത്ത് നിറുത്തുന്നു. എന്നാൽ, യോഗം കൗൺസിലിലും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവിലും തന്റെ നേതൃത്വത്തിൽ വനിതകൾക്ക് പരിഗണന നൽകി. വലിയ കുംഭകോണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന മാദ്ധ്യമങ്ങൾ ചെറിയ കാര്യങ്ങൾ വലുതാക്കി സമുദായത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നു. വനിതാസംഘവും യൂത്ത്മൂവ്മെന്റും യോഗത്തിന്റെ രണ്ട് ചിറകുകളാണ്. ഗുരുദേവ ദർശനം കുടുംബങ്ങളിലെത്തിക്കുന്നതിൽ വനിതാസംഘം വലിയ പങ്കാണ് വഹിക്കുന്നത്. 5000 പേരെ അണിനിരത്തി വനിതാ സംഘം നടത്തുന്ന ഏകാത്മകം പരിപാടി വലിയ ചലനമുണ്ടാക്കും- വെള്ളാപ്പള്ളി പറഞ്ഞു.
ദീപാർപ്പണ ശതാബ്ദി ചരിത്രസ്മരണിക യോഗം അസിസ്റ്റൻറ് സെക്രട്ടറി വനജാ വിദ്യാധരന് നൽകി വെള്ളാപ്പള്ളി പ്രകാശനം ചെയ്തു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം രക്ഷാധികാരിയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. വനിതാ സംഘം നേതാക്കളായ സ്വയംപ്രഭ, ഗീതാബാബു എന്നിവരെ പ്രീതി നടേശൻ ആദരിച്ചു. വരവ് ചെലവ് കണക്കും റിപ്പോർട്ടും കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ അവതരിപ്പിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലറും വനിതാസംഘം കോ- ഓർഡിനേറ്ററുമായ ബേബിറാം ദീപാർപ്പണ ശതാബ്ദി സന്ദേശം നൽകി. യോഗം അസിസ്റ്റൻറ് സെക്രട്ടറി വനജാ വിദ്യാധരൻ സംഘടനാ സന്ദേശം നൽകി. യോഗം കൗൺസിലർമാരായ ഷീബ, പി.എസ്.എൻ.ബാബു, വനിതാസംഘം ട്രഷറർ ലോലമ്മ, ഗീതാമധു, സുമംഗല എസ്.സുന്ദരൻ, രാധാമണി, രമണൻ, ഗിരി പാമ്പനാട് എന്നിവർ സംസാരിച്ചു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സ്വാഗതവും എക്സികുട്ടീവ് അംഗം ഷൈലജ രവീന്ദ്രൻ നന്ദിയും പറഞ്ഞു.