ആലപ്പുഴ: ഇവിടെയൊരു കണ്ണടയ്‌ക്ക് വില പറയുകയാണ് - ഒന്നരക്കോടി രൂപ. ഓഫർ വിദേശികളുടേതാണ്. പക്ഷേ എത്ര കോടികൾ മുന്നിൽ വച്ചാലും കണ്ണട തരില്ലെന്ന് പറഞ്ഞ് ജോസഫ് കെ. പാലത്ര ആ നിധി നെഞ്ചോട് ചേർത്തു. കോടികൾക്ക് മുകളിൽ മൂല്യമുള്ള ആ കണ്ണടയുടെ ഉടമ സാക്ഷാൽ ഗാന്ധിജിയും. മുല്ലയ്‌ക്കൽ തെരുവിലെ വെള്ളിയാഭരണ കച്ചവടക്കാരൻ ജോസഫിന്റെ കൈയിലെ ബാപ്പുജിയുടെ കണ്ണടയ്‌ക്ക് പറയാനുള്ളത് 92 വർഷത്തെ കഥയാണ്.
കണ്ണടക്കഥ ഇങ്ങനെ
1927ൽ കേരള സന്ദർശനത്തിനിടെ ആലപ്പുഴയിലെത്തിയ ഗാന്ധിജി വിശ്രമിച്ചത് കൊപ്രാ വ്യവസായിയായ നവറോജി സേട്ടിന്റെ വീട്ടിൽ. അവിടെ വച്ച് ഗാന്ധിജിയുടെ കണ്ണട കൈയിൽ നിന്ന് വീണ് പൊട്ടി. തുടർന്ന് സേട്ട് മറ്റൊരു കണ്ണട നൽകി. പൊട്ടിയ വെള്ളി ഫ്രെയിമുള്ള വട്ടക്കണ്ണട സേട്ട് കൈയിൽ സൂക്ഷിച്ചു. ഗാന്ധിജി മടങ്ങി. കാലം കടന്നുപോയി. കൊപ്രാ വ്യവസായം മോശമായപ്പോൾ 1982ൽ സേട്ട് കുടുംബം വീട് വിറ്റ് സ്വദേശമായ മുംബയിലേക്ക് പോയി. അന്ന് സുഹൃത്തുക്കൾ ഒരുക്കിയ യാത്ര അയപ്പ് സംഗമത്തിൽ സേട്ടിന്റെ കൊച്ചുമകൻ നാരിയൽ വാലാ സേട്ടാണ് ജോസഫിന് സ്നേഹസമ്മാനമായി ഗാന്ധിക്കണ്ണട നൽകിയത്. അന്ന് കോൺഗ്രസിന്റെ ആലപ്പുഴ മണ്ഡലം പ്രസിഡന്റായിരുന്നു ജോസഫ്.
മുൻ ജില്ലാകളക്ടർ പി. വേണുഗോപാലിന്റെ നിർദ്ദേശത്തെത്തുടർന്ന് ബാങ്ക് ലോക്കറിലാണ് കണ്ണട ഇപ്പോഴുള്ളത്. പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും വിട്ട് കൊടുത്തില്ല. തന്റെ കാലശേഷം മക്കൾക്ക് സംരക്ഷിക്കാൻ കഴിയുമെങ്കിൽ നൽകും. അല്ലെങ്കിൽ വിശ്വാസമുള്ളവർക്ക് നൽകുമെന്നാണ് ജോസഫ് പറയുന്നത്. എന്നാലിന്ന് രാഷ്ട്രീയത്തോടൊന്നും ജോസഫിന് വലിയ താത്പര്യമില്ല. മറിയാമ്മയാണ് ഭാര്യ. മക്കൾ : മേരി ജോ, ആൻ ജോ.
ഞാൻ കാവൽക്കാരൻ, വിൽക്കില്ല
37 വർഷം മുമ്പ് തന്റെ കൈയിലെത്തിയ ഗാന്ധിയുടെ കണ്ണട ഒരു കാവൽക്കാരനെന്ന പോലെയാണ് ജോസഫ് സൂക്ഷിക്കുന്നത്. വിദേശത്തുള്ള മക്കളും ജോസഫിന്റെ ചില കൂട്ടുകാരുമാണ് കണ്ണടയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. കണ്ണടയ്‌ക്കായി കഴിഞ്ഞ ദിവസം ഒന്നര കോടി രൂപയാണ് വിദേശത്ത് നിന്ന് ഫോണിൽ ബന്ധപ്പെട്ടയാൾ വില പറഞ്ഞത്. ഇതോടെ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ ജോസഫ് പാലത്ര ആലപ്പുഴയിൽ സ്റ്റാറായി.