gurudevan

കായംകുളം: ഗുരുമുഖത്ത് നിന്ന് വിദ്യയുടെ നാമ്പുകൾ മുളപൊട്ടുമ്പോൾ അദ്ഭുതത്തോടെ നോക്കിയിരുന്ന ശ്രീനാരായണ ഗുരുദേവനെ ചേവണ്ണൂർ കളരി കണ്ടിരുന്നിട്ടുണ്ട്. ഉമ്മറ കോലായിലിരുന്ന് ഗുരുദേവൻ സംസ്‌കൃതത്തിന്റെ ആദ്യ പാഠങ്ങൾ മനഃപാഠമാക്കുമ്പോൾ കേട്ടിരുന്ന ചേവണ്ണൂർ കളരി ഇന്ന് അവഗണനയുടെ ഒറ്റപ്പെടുത്തലിൽ മുഖം പൊത്തുകയാണ്. ഇതോടെ ജീർണിച്ച് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇപ്പോൾ കളരി.

ശ്രീനാരായണ ഗുരുദേവൻ കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്ന് വിദ്യ അഭ്യസിച്ചത് പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരിയിലായിരുന്നു. അന്ന് കായംകുളം പുതുപ്പള്ളി വാരണപ്പള്ളി വീട്ടിൽ താമസിച്ചാണ് ഗുരുദേവൻ പഠിക്കാനെത്തിയിരുന്നത്. ചേവണ്ണൂർ തറവാടിനോട് ചേർന്ന് ഒറ്റമുറിയും വരാന്തയുമുള്ള കളരിയിലാണ് ഗുരുദേവനുൾപ്പെടെയുള്ള ശിഷ്യർ സംസ്‌കൃതം പഠിച്ചിരുന്നത്.

അവഗണന പിടിമുറുക്കിയപ്പോൾ വീടും കളരിയുമുൾപ്പെട്ട ഭൂമി കാടുകയറി. കെട്ടിടത്തിന്റെ ഓടുകൾ പൊട്ടി. കഴുക്കോലുകളും മച്ചും ചിതലെടുത്തു. ഭിത്തി വീണ്ടുകീറി. പുതുപ്പള്ളി എസ്.ആർ.വി.എൽ.പി സ്‌കൂളിലെ റിട്ട ഹെഡ്മിസ്ട്രസ് ചെല്ലമ്മയുടെ (96)​ ഇളയമകളായ ചേപ്പാട് കാഞ്ഞൂരിൽ താമസിക്കുന്ന ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലാണ് ഇന്ന് കളരിയും തറവാടുമുൾപ്പെടുന്ന 1.77 ഏക്കർ. എസ്.എൻ.ഡി.പി യോഗമോ ശ്രീനാരായണ പ്രസ്ഥാനങ്ങളോ വന്നാൽ ഇവിടം കൈമാറാൻ ഇന്ദിരാദേവി ഒരുക്കമാണ്. അതിനിടെ മറ്റ് പലരും തട്ടിപ്പുമായെത്തിയെങ്കിലും അവരെ മടക്കി അയച്ചു. വരും തലമുറയ്‌ക്ക് ചേവണ്ണൂർ കളരിയുടെ ചരിത്രം പകരുന്നതിന് സുരക്ഷിതമായ കൈകളിൽ ഇവിടം ഏല്പിക്കാനാണ് ഈ നായർ കുടുംബത്തിന്റെ താത്പര്യം. കളരിയുടെ തെക്കുവശത്താണ് ചെല്ലമ്മയുടെ താമസം.

ചരിത്രം ഇങ്ങനെ

കൊല്ലവർഷം 1053ൽ തന്റെ 21-ാമത്തെ വയസിലാണ് ഗുരുദേവൻ വിദ്യ അഭ്യസിക്കാനായി വാരണപ്പള്ളിയിലെത്തിയത്. അന്നത്തെ തറവാട്ട് കാരണവരായിരുന്ന കറുത്ത കൊച്ചുകൃഷ്ണപ്പണിക്കർ കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസവും താമസവും നൽകുന്നത് വെല്ലുവിളിയായി ഏറ്റെടുത്തു. ദൂര ദേശങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് അല്പം അകലെയുള്ള ചേവണ്ണൂർ കളരിയിലെത്തി കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്ന് സംസ്‌കൃതം അഭ്യസിച്ചു.

അമ്മാവൻ കൃഷ്ണൻ വൈദ്യരുടെയും അപ്പാശാസ്ത്രികളുടെയും അടുത്ത് വിദ്യ അഭ്യസിച്ചശേഷം വാരണപ്പള്ളിയിലെത്തിയ ഗുരുദേവൻ നാല് വർഷം ഇവിടെ താമസിച്ചു. പെരുന്നെല്ലി കൃഷ്ണൻ, വെളുത്തേരി, മൂലൂർ, പടിക്കാത്തറയിലെ കാരണവർ തുടങ്ങിയവരായിരുന്നു സഹപാഠികൾ.