election

ചേർത്തല: ഉപതിരഞ്ഞെടുപ്പുകളിൽ യുവജനങ്ങളെ കോൺഗ്രസ് അവഗണിച്ചതിൽ പ്രതിഷേധിച്ച് അരൂരിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ നാമനിർദ്ദേശ പത്രിക നൽകി.

യുവജന വിരുദ്ധ നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ഗ്രൂപ്പാണ് പ്രധാന മാനദണ്ഡമെന്നും ഗീത അശോകൻ ചേർത്തലയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനകീയത മാനദണ്ഡമാക്കാതെ നേതാക്കളുടെ താത്പര്യത്തിനാണ് പ്രാധാന്യം നൽകിയത്. സംഘടനാ പ്രവർത്തനം ഉപേക്ഷിച്ച് പോയവരും സ്ഥിരം തോൽക്കുന്നവരുമാണ് കോൺഗ്രസ് പട്ടികയിലുള്ളത്. മത്സരത്തിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെങ്കിലും പിൻമാറില്ല.

അരൂർ സ്വദേശികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ് ആലപ്പുഴ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരെ തഴഞ്ഞതിൽ യുവജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയാണുള്ളത്. എൽ.ഡി.എഫും ബി.ജെ.പിയും യുവജനങ്ങൾക്ക് പ്രാതിനിദ്ധ്യം നൽകി. അരൂരിൽ യൂത്ത് കോൺഗ്രസിലെ 2 മണ്ഡലം സെക്രട്ടറിമാർ രാജിവച്ചെന്നും യൂത്ത് കോൺഗ്രസ് കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് താൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.

15 വർഷമായി രാഷ്ട്രീയ പ്രവർത്തനം തുടരുന്ന ഹരിപ്പാട് സ്വദേശി ഗീത അശോകൻ യൂത്ത്കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പാർലമെന്റ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.