തുറവൂർ: മുഖ്യമന്ത്രി ഡെൽഹിയിൽ പോകുന്നത് ലാവ് ലിൻ കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തുറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയത് ലാവ് ലിൻ കേസ് അട്ടിമറിക്കാനാണ്. കോടതി 15 തവണ കേസ് മാറ്റിവച്ചു. ദേശീയപാതയുടെ വികസനത്തിന് വകുപ്പ് മന്ത്രി ചർച്ചയ്ക്കു പോകാതെ മുഖ്യമന്ത്രി തന്നെ പോയത് ലാവ് ലിൻ കേസ് ഒതുക്കാനായിരുന്നു. മുഖ്യമന്ത്രി ഡെൽഹിയിൽ ചെല്ലുമ്പോഴൊക്കെ സി.ബി.ഐ ലാവ് ലിൻ കേസ് മാറ്റിവെയ്ക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടുന്നത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണയാണ് വെളിവാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും പാലായിൽ നടന്ന പോലെ വോട്ട് കച്ചവടത്തിന് സി.പി.എം - ബി.ജെ.പി ധാരണയായിട്ടുണ്ട്.
അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 2500 കോടിയുടെ പദ്ധതി മാത്രമാണ് നടപ്പാക്കിയത്. ഇത് ഓഡിറ്റ് ചെയ്യണമെന്നാവശ്യപ്പെടുമ്പോൾ എന്തിനാണ് സർക്കാർ ഭയക്കുന്നത്? വൈദ്യുതി ബോർഡിൽ നടന്ന ട്രാൻസിറ്റ് പ്രൊജക്ടിലും വൻ അഴിമതിയാണ് നടത്തിയിരിക്കുന്നത്. 150 കോടിയുടെ പദ്ധതി 450 കോടി രൂപയ്ക്ക് സ്വന്തക്കാർക്ക് നൽകിയതിലൂടെ നടത്തിയ അഴിമതിയും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ അദ്ധ്യക്ഷനായി. എം പി മാരായ ബെന്നി ബഹന്നാൻ, എം.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, എം.എൽ.എമാരായ പി.ടി. തോമസ്, മോൻസ് ജോസഫ്, നേതാക്കളായ കെ.വി. തോമസ്, കെ. ബാബു, ജോണി നെല്ലൂർട, ജോസഫ് വാഴയ്ക്കൻ, ഷിബു ബേബി ജോൺ, ഡൊമിനിക്ക് പ്രസന്റേഷൻ, എം ലിജു, ലതികാ സുഭാഷ്, എ.എ. ഷുക്കൂർ, ജോർജ് ജോസഫ്, ജോൺസൺ എബ്രഹാം, ബാബുപ്രസാദ്, എം. മുരളി തുടങ്ങിയവർ പങ്കെടുത്തു.