മാവേലിക്കര: മദ്യപിക്കാൻ പണം നൽകിയില്ലെന്ന കാരണത്താൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച യുവാവ് ഒളിവിൽ. കല്ലുമല സ്വദേശി രവീഷിനെയാണ് (31) കുറത്തികാട് പൊലീസ് തെരയുന്നത്.
കഴിഞ്ഞ ദിവസം മദ്യലഹരിയിൽ എത്തിയ ഇയാൾ വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ പിതാവ് കുഴഞ്ഞുവീണിട്ടും ഇയാൾ നിറുത്തിയില്ല. അമ്മ കരഞ്ഞ് നിലവിളിച്ചിട്ടും മർദ്ദനം തുടർന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഇയാൾ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ രവീഷിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.