shani

ആലപ്പുഴ : റോഡ് പണി തടസപ്പെടുത്തിയെന്ന പരാതിയിൽ അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അരൂർ പൊലീസ് കേസെടുത്തു. എരമല്ലൂർ - എഴുപുന്ന റോഡിന്റെ നിർമ്മാണം നടക്കവേ ഇക്കഴിഞ്ഞ സെപ്തംബർ 27 ന് രാത്രി 11.45 ന് ഷാനിമോളുടെ നേതൃത്വത്തിൽ അമ്പതോളം കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പണി തടസപ്പെടുത്തിയെന്ന് കാണിച്ച് പി.ഡബ്ളിയു.ഡി അസി. എൻജിനിയർ ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് റോഡ് പണി നടത്തിയതാണ് തടഞ്ഞതെന്ന് ഷാനിമോൾ പറഞ്ഞു. തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദിവസം അരൂരിൽ സന്ദർശനം നടത്തി മടങ്ങവേ കോൺഗ്രസ് പ്രവർത്തകർ റോഡ് പണി തടയുന്നതുകണ്ട് അവിടെയിറങ്ങുകയായിരുന്നുവെന്നും ചട്ടവിരുദ്ധമായി നടന്ന പ്രവൃത്തി തടഞ്ഞതിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്നാൽ അതിന് തയ്യാറാണെന്നും ഷാനിമോൾ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തിയാണിതെന്ന് പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.