g

ഹരിപ്പാട്: എട്ടാമത് മണ്ണാറശാല ശ്രീനാഗരാജപുരസ്‌കാരങ്ങൾക്ക് പി.കെ. നാരായണൻ നമ്പ്യാർ, പി.ആർ. കുമാരകേരള വർമ, കലാമണ്ഡലം വാസുപിഷാരടി, നിർമലപണിക്കർ എന്നിവർ അർഹരായി. വാദ്യം, ഗീതം, നാട്യം, നൃത്തം എന്നീ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം . 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം മണ്ണാറശാല ആയില്യം മഹോത്സവത്തിന്റെ ആദ്യദിനമായ ഒക്ടോബർ 21 ന് വൈകിട്ട് ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
കൂടിയാട്ടത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് 92കാരനായ പി.കെ. നാരായണൻ നമ്പ്യാർ. മിഴാവ് വാദ്യരംഗത്തെ കുലപതിയാണ് അദ്ദേഹം. പ്രശസ്ത കൂടിയാട്ട കലാകാരൻ മാണിമാധവ ചാക്യാരുടെ പുത്രനാണ്. മിഴാവിൽ തായമ്പക എന്ന കലാരൂപത്തെ ആസ്വാദകരിലെത്തിച്ചത് അദ്ദേഹത്തിന്റെ പ്രധാനനേട്ടമാണ്. കേരള കലാമണ്ഡലത്തിലും മാർഗിയിലും അധ്യാപകനായിരുന്നു.
മാവേലിക്കര എണ്ണയ്ക്കാട് കൊട്ടാരത്തിൽ പി. രാമവർമരാജയുടെയും കോട്ടയം പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി 1940 നവംബർ 18നാണ്

പി.ആർ. കുമാരകേരള വർമ്മയുടെ ജനനം. സ്വാതിതിരുനാൾ, ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ തുടങ്ങിയവരുടെ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കലാമണ്ഡലത്തിൽ നിന്നും വേഷവിഭാഗം മേധാവിയായി വിരമിച്ച വാസുപിഷാരടി പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയാണ്. കഥകളിയിൽ കുഞ്ചുനായർ ശൈലിയുടെ ഉപജ്ഞാതാവും വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യരിൽ പ്രഥമഗണനീയനുമാണ്.
മോഹിനിയാട്ടത്തിൽ നേത്രാഭിനയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങളാണ് നിർമല പണിക്കരെ ശ്രദ്ധേയയാക്കിയത്. 1950 മെയ് 19ന് പിറവത്ത് ജനിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ശിക്ഷണത്തിലാണ് മോഹിനിയാട്ടത്തിൽ ഉപരിപഠനം നടത്തിയത്.