ഹരിപ്പാട്: പഞ്ചായത്ത് ഹരിതകർമ്മ സേന വീടുകളിൽ നിന്നും ശേഖരിച്ച പ്ളാസ്റ്റിക് സംസ്കരിക്കാതെ റോഡരികിൽ തള്ളിയത് നാട്ടുകാർക്ക് വിനയാകുന്നു. പല്ലന കുമാരകോടി പാലത്തിന്റെ കിഴക്കേക്കരയിൽ പാലത്തിനോട് ചേർന്ന ഭാഗത്താണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കവറുകൾ വലീയ കവറുകളിലാക്കി തള്ളിയത്. സമീപവീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണിവയെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഇവിടെ കൊണ്ട് തള്ളിയ മാലിന്യം നാട്ടുകാർപലതവണ ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്തിട്ടില്ല. മഴ പെയ്യുമ്പോൾ പ്ളാസ്റ്റിക് ഒഴുകി സമീപത്തെപറമ്പുകളിലേക്ക് എത്തും. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പാരിസ്ഥിതിക പ്രശ്നമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ്
പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ ലക്ഷ്മിത്തോപ്പിൽ സംസ്കരണ യൂണിറ്റ് തുടങ്ങാനായി കെട്ടിട നിർമാണം പൂർത്തിയാക്കി. വൈദ്യുതി കണക്‌ഷന് അപേക്ഷ നൽകിയിരിക്കുകയാണ്. ഈ സംസ്കരണ പ്ലാന്റിലേക്കെത്തിക്കാൻ ശേഖരിച്ച പ്ലാസ്റ്റിക്കാണ് പാലത്തിന് സമീപം നിക്ഷേപിച്ചതെന്നാണ് ആരോപണം. അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെനിന്നും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സംസ്കരണ യൂണിറ്റിൽ എത്തിക്കാനുള്ള പ്ളാസ്റ്റിക് ലക്ഷ്മിത്തോപ്പിലെ യൂണിറ്റിൽ ടാർപ്പോളിൻ കെട്ടി ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇവ റോഡരികിൽ തള്ളിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് പരാതി പഞ്ചായത്തിന് ലഭിച്ചിട്ടില്ല.
അമ്മിണി , തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്