car

ചാരുംമൂട്: ഓടിക്കൊണ്ടിരുന്ന നാനോ കാർ കത്തിയമർന്നു. കാർ ഓടിച്ചിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു.നൂറനാട് പടനിലം ജംഗ്ഷനിൽ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

ഇടപ്പോൺ വൈദ്യുതി സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കൊല്ലം നീണ്ടകര സ്വദേശി സെബാസ്റ്റ്യന്റെ നാനോ കാറിനാണ് തീ പിടിച്ചത്. സെബാസ്റ്റ്യൻ മാത്രമാണ് സംഭവസമയം കാറിൽ ഉണ്ടായിരുന്നത്. പടനിലം ജംഗ്ഷനടുക്കാറായപ്പോൾ പിന്നാലെ വന്ന വാഹനയാത്രക്കാരാണ് കാറിൽ നിന്നും പുക ഉയരുന്ന വിവരം അറിയിച്ചത്. പടനിലം ജംഗ്ഷനിലെത്തി വാഹനം ഒതുക്കി നിർത്തിയതോടെ തീ ആളിപ്പടർന്നു.സെബാസ്റ്റ്യൻ പെട്ടെന്ന് കാറിൽ നിന്നിറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

സ്ഥലത്തുണ്ടായിരുന്നവരും, വ്യാപാരികളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. മാവേലിക്കരയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്. യാത്രയ്ക്കിടെ ഇലക്ട്രിക് വയർ കത്തുന്ന ഗന്ധമുണ്ടായിരുന്നതായി സെബാസ്റ്റ്യൻ പറഞ്ഞു.