വേഷമിട്ടത് കരുവാറ്റക്കാരൻ ആദിദേവ് സുജിത്
ഹരിപ്പാട്: ദോഹയിലെ ബിർള സ്കൂളിൽ ഗാന്ധിജിയുടെ വേഷമിട്ട എട്ടുവയസുകാരൻ താരമായി. ഹരിപ്പാട് ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിലാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ ആദിദേവ് സുജിത് ഗാന്ധിവേഷമിട്ട് വിസ്മയിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെ തന്നെ കുട്ടിഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഹരിപ്പാട് മഹാദേവികാട് ചൈതന്യയിൽ പി.എൻ. രവിയുടെയും സുവർണയുടെയും ചെറുമകനും കരുവാറ്റ പുത്തൻപുരയിൽ സുജിത് സുധാകരന്റെയും ആശയുടെയും മകനുമാണ് ആദിദേവ് സുജിത്. മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ബിർള സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ പരിപാടികളിൽ ഗാന്ധിജിയുടെ വേഷമിടാൻ ആദിദേവിന് യാതൊരു മടിയുമില്ലായിരുന്നു. തലയുടെ രൂപമാറ്റത്തിനായി മേക്കപ്പിടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കൃത്യതയ്ക്കായി അവസാനം തല മുണ്ഡനം ചെയ്യാനും ആദിദേവ് സമ്മതിച്ചു.
ആദിദേവിനെ പ്രശംസിച്ചുകൊണ്ടുള്ള കത്ത് സ്കൂൾ അധികൃതരിൽ നിന്നു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതു നാടിനു ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഏക സഹോദരി ആത്മനാ സുജിത് ഭരതനാട്യത്തിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.