ചേർത്തല: ഇന്ത്യൻ കോഫി ഹൗസിലെ ആദ്യ വനിതാ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ചേർത്തല കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ കോഫിഹൗസിൽ രാവിലെ 10 മണിയോടെ ബ്രാഞ്ച് മാനേജർ വേലായുധൻ, അസി.സെക്രട്ടറി ലിനു ദാമോദരൻ എന്നിവർ ചേർന്ന് ഇരുവരേയും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് തിരുവാതിരയിൽ പരേതനായ ജയകുമാറിന്റെ ഭാര്യ ബിന്ദു, ഇതേ വാർഡിലെ കിഴക്കേപാലക്കുളങ്ങര പരേതനായ രാധാകൃഷ്ണന്റെ മകൾ വർഷ എന്നിവരാണ് ഇന്നലെ ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ചേർത്തല കോഫി ഹൗസിലെ മാനേജരായിരുന്ന ജയകുമാർ ഒരു വർഷം മുമ്പാണ് മരിച്ചത്. ബിന്ദുവിന്റെ പിതാവ് ഗോപിനാഥൻപിള്ളയുടെ ഒന്നാം ശ്രാദ്ധദിനത്തിലായിരുന്നു നിയമനം.സർവീസിൽ ഇരിക്കെ 18 വർഷം മുമ്പ് മരിച്ച ആലപ്പുഴ കോഫി ഷോപ്പിലെ കോഫി മേക്കറായിരുന്ന രാധാകൃഷ്ണന്റെ മകളാണ് വർഷ. ഇരുവർക്കും ജനറൽ വർക്കർ തസ്തികയിലാണ് നിയമം. ഒന്നര വർഷത്തെ പ്രൊബേഷനുശേഷം ഇവർക്ക് സ്ഥിരം നിയമനം നൽകും. സംസ്ഥാനത്താകെ 7 വനിതകൾക്കാണ് നിയമനം നൽകിയത്.