മലിനജലം കെട്ടിക്കിടക്കുന്ന റോഡ് താണ്ടി കുരുന്നുകൾ
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ നല്ലാണിക്കൽ എൽ.പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യയ്ക്കൊപ്പം 'അഭ്യാസ'വും സൗജന്യം! നീന്തൽ കൈവശമില്ലെങ്കിൽ ക്ളാസിലെത്താൻ ഇത്തിരി ക്ളേശിക്കേണ്ടി വരും. സ്കൂളിലേക്കുള്ള വരവ് പതിവാകുന്നതോടെ നീന്തൽ പഠനവും കൈവശമാകും.
നല്ലാണിക്കൽ പഞ്ചായത്ത് സ്കൂൾ ജംഗ്ഷൻ മുതൽ കായൽ തീരം വരെയുള്ള 200 മീറ്റർ റോഡിലാണ് ദുരിതം. സ്കൂളിന്റെ പ്രധാന കവാടം വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടായി മാറിയിട്ട് നാളുകൾ ഏറെയായി. നഴ്സറി മുതൽ നാലാം ക്ളാസ് വരെ പഠിക്കുന്ന നൂറു കണക്കിന് കുട്ടികളാണ് ദിവസേന ദുരിതം അനുഭവിക്കുന്നത്. തകർന്ന റോഡിലെ മലിന വെള്ളത്തിൽ വീണ് കുട്ടികൾക്ക് പരിക്കേൽക്കുന്നതും ത്വക്ക് രോഗങ്ങൾ പടരുന്നതും പതിവാണ്. രക്ഷാകർത്താക്കൾ ഒപ്പമില്ലാതെ കൊച്ചുകുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
സ്കൂളിന് സമീപം തന്നെയാണ് ആറാട്ടുപുഴ ആശുപത്രിയുടെ ഒരു ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. ഗർഭിണികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈ സെന്ററിലേക്ക് എത്തുന്നതും മലിനജലം കടന്നാണ്. അഞ്ചുമനയ്ക്കൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും റോഡിലെ വെള്ളക്കെട്ട് ബുദ്ധിമുട്ടാണ്. സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷാകർത്താക്കളും അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് തീരുമാനം.
...........................................
റോഡിന്റെ ടാറിംഗിനായി പഞ്ചായത്തിൽ നിന്നു തുക അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികളുമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് നടപടികൾ പൂർത്തിയാകാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും
(എസ്.അജിത, പഞ്ചായത്ത് പ്രസിഡന്റ്)