കുടുങ്ങിയത് പോൾ മുത്തൂറ്റ് കേസിലെ പ്രതിയും
മാന്നാർ: ഡ്രൈഡേ ദിവസം ബിവറേജ് കോർപ്പറേഷന്റെ മദ്യവില്പന ശാലയിലെ കാവൽക്കാരെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം 12 മദ്യക്കുപ്പികൾ കവർന്ന കേസിലെ പ്രതികൾ കണ്ണൂരിൽ ക്ഷേത്രം ഓഫീസ് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിൽ. തിരുവല്ല ആഞ്ഞിത്താനം പരുത്തിക്കാട്ട് മണ്ണിൽ ഹസൻ, ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശി പ്രസാദ് (തീപ്പൊരി പ്രസാദ്) എന്നിവരെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒന്നിന് പുലർച്ചെ 2.30നാണ് പുലിയൂർ പാലച്ചുവട് ജംഗ്ഷന് പടിഞ്ഞാറ് പ്രവർത്തിക്കുന്ന മദ്യശാലയിൽ സുരക്ഷാജീവനക്കാരെ ആക്രമിച്ച ശേഷം മദ്യം കവർന്നത്. മോഷണത്തിനു ശേഷം മാവേലിക്കരയ്ക്ക് സമീപം തഴക്കരയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഈ ഭാഗത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പയ്യന്നൂർ കൊക്കാനിശ്ശേരി മഠത്തുംപടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് ഇരുവരും മോഷണം നടത്തിയത്. പയ്യന്നൂരിലെ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം വാങ്ങാനായി ഹസൻ എത്തിയപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഹസനെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ തീപ്പൊരി പ്രസാദിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രസാദിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 50 ഓളം കേസുകളിലെ പ്രതികളാണ് ഇവർ. പോൾ മുത്തൂറ്റ് കേസിലെ പ്രതിയായ ഹസൻ കഴിഞ്ഞ 28ന് ആണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു പരോളിൽ പുറത്തിറങ്ങിയത്. പ്രതികളെ വിശദമായി ചോദ്യംചെയ്യാൻ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.