ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്നു വിളിച്ച് ആക്ഷേപിച്ചതിന് മന്ത്രി ജി.സുധാകരനെതിരെ ഡി.സി.സി പ്രസിഡന്റ് എം.ലിജു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്..
കഴിഞ്ഞ ദിവസം അരൂരിൽ നടന്ന സി.പി.എം കുടുംബയോഗത്തിലായിരുന്നു പൂതന പ്രയോഗമെന്ന് പരാതിയിൽ പറയുന്നു. പൂതനകൾക്ക് മത്സരിക്കാനുള്ള സ്ഥലമല്ല അരൂരെന്ന മന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയിൽ വൈറലായി. ഇതിൽ പ്രതിഷേധിച്ച് ഷാനിമോളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കുത്തിയതോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. പൂതന പ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.. റോഡുപണി തടഞ്ഞതിന് ഷാനിമോൾക്കെതിരെ കഴിഞ്ഞദിവസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടക്കുന്നതിനിടെയാണ് മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ഇന്നലെ അരൂരിലെത്തി മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
'ഷാനിമോൾ എനിക്ക്
സഹോദരിയെപ്പോലെ':
അതേ സമയം,ഷാനിമോൾ തനിക്ക് സഹോദരിയെപ്പോലെയാണെന്ന് മന്ത്രി സുധാകരൻ ഇന്നലെ അരൂരിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞു.
35 വർഷമായി ഷാനിമോളുമായി നല്ല ബന്ധമാണുള്ളത്. അവരെ തോൽപ്പിക്കാൻ, താൻ പറയാത്ത കാര്യം പറഞ്ഞെന്ന് കോൺഗ്രസുകാർ പ്രചരിപ്പിക്കുകയാണ്. സഹതാപ തരംഗം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണിതെന്നും സുധാകരൻ പറഞ്ഞു.