എറണാകുളം ജില്ലയോട് ബൈ പറയുമ്പോൾ എതിരേൽക്കുന്ന അരൂരിന്റെ നെഞ്ചകത്ത് നിന്നാൽ കായലുകളുടെ മേളമാണ്. മൂന്ന് ചുറ്റും കായൽ. അതിന് മീതേ നാല് പാലങ്ങൾ. ദിശ ഇങ്ങനെ തെളിയുമ്പോൾ വടക്ക് ചന്ദിരൂർ, തെക്ക് കുമ്പളം, കിഴക്ക് അരുക്കുറ്റി. പടിഞ്ഞാറ് കുമ്പളങ്ങി. കയറി വരുന്നത് സമര പുളകങ്ങൾ തൻ സിന്ദൂരം ചാർത്തിയ മണ്ണിലേക്ക്. അരൂരിന്റെ അരുമ എ.എം.ആരിഫ് അങ്ങ് പാർലമെന്റിലേക്ക് ചുവട് വച്ചപ്പോൾ ഇടത് പദമൂന്നാൻ നിൽക്കുന്നത് എൽ.ഡി.എഫിന്റെ മനു സി.പുളിക്കൽ. വലതുകാൽ വയ്ക്കാനൊരുങ്ങുന്നത് യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാൻ. പുതിയൊരു താരമാകാൻ എൻ.ഡി.എയിലെ കെ.പി. പ്രകാശ്ബാബുവും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആഘാതം തീരും മുമ്പേയാണ് ഷാനിയും പ്രകാശും വീണ്ടും അങ്കം കുറിച്ചിരിക്കുന്നത്. ഷാനി ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ അരൂരിൽ മത്സരം ആവർത്തിക്കുമ്പോൾ പ്രകാശ് വരുന്നത് കോഴിക്കോട് നിന്ന്. മനുവിന് കന്നി അങ്കവും.
ജനസമ്മതം എങ്ങോട്ട്
അരൂരിന്റെ ജാതകം നോക്കിയാൽ ഇടതിനോടാണ് മംഗല്യപ്പൊരുത്തം ഏറെയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമേ കോൺഗ്രസിനെ വരിച്ചിട്ടുള്ളൂ. 1957 ലും 1960 ലും. 57 ൽ അവിരാ തരകൻ എന്ന സ്വതന്ത്രനെയും 60 ൽ സി.പി.ഐയിലെ സി.ജി. സദാശിവനെയും തോൽപ്പിച്ച് കോൺഗ്രസിന്റെ കൊടി ഉയർത്തിയത് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയായിരുന്ന പി.എസ്. കാർത്തികേയനായിരുന്നു. ആർ.ശങ്കറിന്റെ സ്വന്തം ആൾ അങ്ങനെ അരൂരിന്റെ പ്രിയങ്കരനായി. പക്ഷേ, ആ ബാന്ധവം പിന്നെ നീണ്ടില്ല. വലത് മാറി ഇടതിലേക്ക് തിരിഞ്ഞു. അതൊരു ഭാഗ്യം പോലെയായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഹാരവുമായി ഇടതും വലതും വന്നെങ്കിലും തലകുനിച്ചത് ഇടതിന് മുന്നിലായിരുന്നു. അങ്ങനെ ഇടതിന്റെ കുടുംബവീടായി അരൂർ മാറി. സന്തോഷജീവിതം നയിച്ചുവന്ന അരൂർ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മനസൊന്ന് മാറ്റി പിടിച്ചു. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനോടായി സ്നേഹം. മൂന്ന് തവണയായി അരൂരിന്റെ കാര്യങ്ങൾ നോക്കി നടത്തി വന്ന എ.എം.ആരിഫിനേക്കാൾ 648 വോട്ടിന്റെ ഭൂരിപക്ഷം ഷാനിക്കായിരുന്നു. കമ്മ്യൂണിസ്റ്റുകാർ ഒന്നടങ്കം ഞെട്ടിപ്പോയ നിമിഷം. 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസുകാർ അരൂരിൽ ചിരിച്ചു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഷാനി തോറ്റെങ്കിലും അരൂരിലെ കടന്നുകയറ്റം നല്ല ലക്ഷണമായാണ് കാണുന്നത്. ഷാനിയെ വീണ്ടും തുറുപ്പ് ചീട്ടായി ഇറക്കിയതും ആ കരുത്തിലാണ്. പക്ഷേ ഷാനിക്കെതിരെ മൈക്കുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഗീതാ അശോകൻ സ്ഥാനാർത്ഥി കുപ്പായവുമണിഞ്ഞ് നിൽക്കുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കുന്ന ഗീത കോൺഗ്രസ് വോട്ടുകളിൽ കണ്ണെറിയുകയാണ്.
1965 ലാണ് ആദ്യമായി അരൂരിൽ ചെങ്കൊടി പാറിയത്. കോൺഗ്രസിലെ ദേവകീ കൃഷ്ണനെ 4883 വോട്ടുകൾക്ക് കെ.ആർ.ഗൗരിഅമ്മ തോൽപ്പിച്ച് ഇടതുകാൽ പ്രവേശം. 67ലും70 ലും ഗൗരിഅമ്മ വിജയം ആവർത്തിച്ചു. 77 ൽ കോൺഗ്രസിനൊപ്പം നിന്ന സി.പി.ഐയിലെ പി.എസ്.ശ്രീനിവാസനോട് ഗൗരിഅമ്മ തോറ്റു. 80 ലും 82ലും 87ലും 91ലും അരൂരിന്റെ ഗൃഹനായിക വീണ്ടും ഗൗരിഅമ്മയായി. ചരിത്രം വീണ്ടും മാറി. ഗൗരിഅമ്മ ജെ.എസ്.എസായി. പാർട്ടി കൈവിട്ടെങ്കിലും ഗൗരിഅമ്മയെ അരൂർ മാറാേട് ചേർത്തണച്ചു. 96ലും 2001 ലും ഗൗരിഅമ്മ അരൂരിൽ നിലവിളക്കുമായി പ്രവേശിച്ചു. പക്ഷേ, 2006 ൽ എ.എം.ആരിഫിനോട് 4753 വോട്ടുകൾക്ക് ഗൗരിഅമ്മ തെന്നിവീണു. 2011 ൽ കോൺഗ്രസിലെ എ.എ.ഷുക്കൂറിനെ 16886 വോട്ടുകൾക്കും 2016 ൽ സി.ആർ.ജയപ്രകാശിനെ 38519 വോട്ടുകൾക്കും ആരിഫ് തോൽപ്പിച്ച് കുടുംബ വീട് മിന്നിച്ചു. അരൂർ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. ആ ഭരിപക്ഷത്തെയാണ് ഷാനിമോൾ പിടിച്ച് താഴ്ത്തി മുന്നേറിയത്.
വോട്ടുകൾ ചോരുമോ
സമുദായ സമവാക്യങ്ങളെല്ലാം പാടെ മറന്നുകൊണ്ടുള്ളതാണ് ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ. ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാർത്ഥികൾ. മനു സി.പുളിക്കൽ ക്രിസ്ത്ര്യൻ വിഭാഗത്തിൽപ്പെടുമ്പോൾ ഷാനിമോൾ മുസ്ളിം സമുദായത്തിലും. എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ്ബാബു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഈഴവ സമുദായത്തിൽപ്പെട്ടതും. പക്ഷേ,ബി.ഡി.ജെ.എസ് മത്സരരംഗത്ത് നിന്ന് പിൻവാങ്ങിയത് ബി.ജെ.പിക്ക് കനത്ത ആഘാതമാണ്. ഈ വോട്ടുകൾ എങ്ങോട്ട് മറിയും എന്ന ചോദ്യമുയരുകയാണ്.
1.91 ലക്ഷം വോട്ടർമാർ
വോട്ടർമാരുടെ എണ്ണം 1,91,898. പുരുഷൻമാർ 94,153. വനിതകൾ 97,745. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ 1962 വോട്ട് കൂടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അരൂരിലെ വോട്ടർമാരുടെ എണ്ണം 1,89,936 ആയിരുന്നു. ഇതിൽ 1,58,900 പേർ വോട്ടിട്ടു. 83.66 ശതമാനം. വോട്ടിട്ടത് 79924 പുരുഷന്മാരും 78976 സ്ത്രീകളും. ഷാനിമോൾ ഉസ്മാൻ 65656 വോട്ടും എ.എം.ആരിഫ് 65008 വോട്ടും ബി.ജെ.പിയിലെ കെ.എസ്. രാധാകൃഷ്ണൻ 25250 വോട്ടും നേടി. 648 വോട്ടിന്റെ ഭൂരിപക്ഷം ഷാനിമോൾക്കായിരുന്നു. ആ തിളക്കം ആവർത്തിക്കുമെന്ന് കോൺഗ്രസ്. നടക്കില്ലെന്ന് സി.പി.എമ്മും. നടന്നുകയറുമെന്ന് ബി.ജെ.പിയും. ഷാനിമോൾക്കെതിരെ പൂതന പ്രയോഗവും ജാമ്യമില്ലാ കേസെടുത്തതുമെല്ലാം കോൺഗ്രസ് ആയുധമാക്കുമ്പോൾ ചുവപ്പ് പരിച കൊണ്ട് തടഞ്ഞ് സംരക്ഷണമതിൽ സൃഷ്ടിക്കുകയാണ് സി.പി.എം. സാമുദായിക കാലാവസ്ഥയുടെ കാറ്റ് ഇതെല്ലാം കടന്ന് അനുഗ്രഹമാകുമെന്ന നിരീക്ഷണത്തിൽ ബി.ജെ.പിയും.