shahul

ആലപ്പുഴ: സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിൽക്കുന്നയാളെ 60 ഗ്രാം കഞ്ചാവും ലൂണ സ്കൂട്ടറും 16,500 രൂപയും ഉൾപ്പെടെ എക്സൈസ് സംഘം പിടികൂടി.

മണ്ണഞ്ചേരി ജംഗ്ഷനിൽ വിൽപ്പന നടത്തുന്നിടെ നേതാജി സ്വദേശി ഷാഹുൽ ഹമീദാണ് (പയ്യോളി-64) പിടിയിലായത്. ആഴ്ചകളായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആക്രി കച്ചവടത്തിന്റെ മറവിൽ മോട്ടോർ സൈക്കിളിൽ മണ്ണഞ്ചേരി, കലവൂർ, നേതാജി, അമ്പനാകുളങ്ങര ഭാഗങ്ങളിൽ ചുറ്റി നടന്നാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. കടത്തിണ്ണകളിലും മറ്റുമാണ് ഇയാൾ അന്തിയുറങ്ങിയിരുന്നത്. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എം.സുമേഷ്, റോയ് ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം. ബിയാസ്, ആർ.ജയദേവ്, കെ.എച്ച്. ഹരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.