ആലപ്പുഴ:കനാൽ ശുചീകരണത്തിന്റെ രണ്ടാംഘട്ടത്തിൽ കൊട്ടാരം തോടിന് ശാപമോക്ഷം. മാലിന്യം തിങ്ങിനിറഞ്ഞ് വർഷങ്ങളായി ഒഴുക്ക് നിലച്ചു കിടന്നിരുന്ന തോട് ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.
ജനറൽ ആശുപത്രിയുടെ സമീപത്തുകൂടെ ഒഴുകുന്ന തോട്ടിൽ ആശുപത്രി മാലിന്യം അടക്കം കെട്ടിക്കിടന്നിരുന്നു. വീടുകളിൽ നിന്നുള്ള മാലിന്യം കൂടിയായപ്പോൾ വെള്ളത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യമായി. പ്രദേശവാസികളും ആശുപത്രിയിൽ എത്തുന്നവരും ദുർഗന്ധം സഹിക്കാനാവാതെ മൂക്ക് പൊത്തിയാണ് പോയിരുന്നത്. ഇപ്പോൾ തോട് വൃത്തിയാക്കൽ ആരംഭിച്ചെങ്കിലും ചെളി വാരുമ്പോഴുള്ള ദുർഗന്ധം സഹിക്കാനാവാത്തതുകൊണ്ട് രാത്രി മാത്രമാണ് ചെളി വാരുന്നത്. രാവിലെ ചെളി നീക്കിയാൽ ദുർഗന്ധം കാരണം ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനറൽ ആശുപത്രിയിൽ നിരവധിപേരാണ് ദിനം പ്രതി ചികിത്സ തേടിയെത്തുന്നത്.
ശുചീകരണം പൂർത്തീകരിച്ച് കഴിഞ്ഞാൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് അധികൃതർ.
ആശുപത്രി മാലിന്യങ്ങളിൽ നല്ലൊരു പങ്ക് സമീപകാലം വരെ ഈ തോട്ടിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും നിലച്ചതോടെയാണ് ഇതിനെതിരെ കർശന നടപടി സ്വീകരിച്ചത്. കൊട്ടാരം തോട് പൂർത്തിയായാൽ ആലപ്പുഴ – ചേർത്തല കനാലുകളാണ് അടുത്തതായി നവീകരിക്കുക. ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രധാന കനാലുകൾ വൃത്തിയാക്കതിനെ ബാധിക്കുന്നുണ്ട്.
കൊട്ടാരം തോട്
വാണിജ്യകനാലിൽ നിന്ന് കഞ്ഞിപ്പാടത്തേയ്ക്കുള്ള തോടിന്റെ പേരാണ് അമ്പലപ്പുഴ തോട്. ഈ തോട്ടിൽ നിന്ന് ആരംഭിച്ച് ജനറൽ ആശുപത്രിയുടെ കിഴക്കു ഭാഗത്തു വന്നുചേരുന്ന തോടിനെയാണ് കൊട്ടാരംതോട് എന്നു വിളിക്കുന്നത്. ഇവിടെയാണ് ആലപ്പുഴയിലെ ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ രാജാവിനും മറ്റും സഞ്ചരിച്ച് വിശ്രമിക്കുന്നതിനുള്ള ഇടമായിരുന്നു. ഇത്. 21-ാം നൂറ്റാണ്ടിൽ ഈ കെട്ടിടം ജില്ലാ ആശുപത്രിയുടെ ഭാഗമായി. കൊട്ടാരം ആശുപത്രിയെന്ന പേരുംവീണു. അതിന്റെ മുന്നിലാണ് കൊട്ടാരം തോട് അവസാനിക്കുന്നത്.