ചേർത്തല:വയലാറിൽ വെടിവയ്പ്പ് നടത്തിയ പട്ടാളക്കാർക്ക് അന്ന് വൈകിട്ട് വയലാർ പുളിക്കൽ വീട്ടിൽ വിരുന്ന് നൽകിയെന്നുള്ള കോൺഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക്പോസ്റ്റിനെതിരെ അരൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി മനു സി. പുളിക്കൽ ചേർത്തല പൊലീസിൽ പരാതി നൽകി. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ പേരിലുള്ളതാണ് ഫെയ്‌സ് ബുക്ക്പോസ്റ്റ്. മാനനഷ്ടകേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയത്.പോസ്റ്റ് പലരും ഷെയർ ചെയ്തിട്ടുമുണ്ട്.
അതിനിടെ ഇത്തരത്തിലെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിക്കുന്നതെന്നും ഇതിനായി ചേർത്തല കോടതിയ്ക്ക് പരാതി കൈമാറിയതായും ചേർത്തല സി.ഐ വി.പി.മോഹൻലാൽ പറഞ്ഞു.കോൺഗ്രസ് നേതാവിന്റെ പേരിലാണ് പോസ്റ്റെന്നും അത് അദ്ദേഹം തന്നെ പങ്കുവച്ചതാണോ,വ്യാജ അക്കൗണ്ട് സ്ഥാപിച്ചുള്ളതാണോ,പോസ്റ്റിന്റെ ഉറവിടം എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇതിന് സാങ്കേതിക വിദഗ്ദരുടെ സഹായം തേടുമെന്നും സി.ഐ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
വയലാർ വെടിവയ്പ്പ് 1946 ഒക്ടോബർ 27ന്.വയലാറിൽ വെടിവയ്പ്പ് നടത്തിയ പട്ടാളക്കാർക്ക് അന്ന് വൈകിട്ട് വിരുന്ന് നൽകിയത് വയലാർ പുളിക്കൽ വീട്ടിലായിരുന്നു.വെടിവയ്പിൽ മരിച്ചത് മുഴുവൻ ഈഴവരായിരുന്നു.103പേർ.പുളിയ്ക്കൽ വീട്ടിലെ പിൻമുറക്കാരൻ ഇപ്പോൾ അരൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ചരിത്രം തിരുത്താൻ കഴിയില്ലല്ലോ ?.