 എൽ.ഡി.എഫ് ശ്രമങ്ങൾക്ക് എട്ടു വോട്ടിന്റെ പരാജയം

ആലപ്പുഴ: പാർട്ടിയുമായി തെറ്റി കൗൺസിലർ സ്ഥാനം രാജിവച്ച ശേഷം സ്വതന്ത്രനായി വിജയിച്ച മുൻ കോൺഗ്രസ് കൗൺസിലർ ബി. മെഹബൂബിനെ കൂട്ടുപിടിച്ച് ആലപ്പുഴ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് നടത്തിയ നീക്കം ലക്ഷ്യത്തിലെത്തിയില്ല. കോൺഗ്രസ് അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ ചെയർമാൻ ആക്കാനുള്ള യു.ഡി.എഫ് തീരുമാനം നടപ്പാവുകയും ചെയ്തു.

52 അംഗ കൗൺസിലിൽ 48 പേർ വോട്ടു ചെയ്കതപ്പോൾ 28 വോട്ട് നേടിയാണ് ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനായത്. മെഹബൂബിന് 20 വോട്ട് ലഭിച്ചു. എൽ.ഡി.എഫിനൊപ്പം നിന്ന ഒരു സ്വതന്ത്രനെയും രണ്ട് പി.ഡി.പി അംഗങ്ങളെയും കോൺഗ്രസ് വലയിട്ട് പിടിച്ചു. അങ്ങനെയാണ് 25 യു.ഡി.എഫ് കൗൺസിലർമാരുടെ അടക്കം 28 വോട്ടുകൾ ഇല്ലിക്കൽ നേടിയത്. ബി.ജെ.പി വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോൺഗ്രസിൽ നിന്ന് ഭരണം തട്ടിയെടുക്കാൻ എൽ.ഡി.എഫ് ശക്തമായ ശ്രമം നടത്തിയെങ്കിലും തങ്ങളുടെ കൗൺസിലർമാരെ ചിറകിനുള്ളിൽ ഒളിപ്പിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ എത്തിയത്. ഭരണം കൈവിട്ടുപോകുമോ എന്ന ഭീതിയിൽ പി.ഡി.പി ചെയർമാൻ മ്അദനിയുമായി ബന്ധപ്പെട്ട് രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു. മറുതന്ത്രം മെനഞ്ഞ സി.പി.എം രണ്ട് ബി.ജെ.പി അംഗങ്ങളെ വശത്താക്കാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി നേതൃത്വം ഇടപെട്ട് പൊളിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് വാേട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു ബി.ജെ.പി ജില്ലാ നേതൃത്വം കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എന്നാൽ രണ്ട് കൗൺസിലർമാർ ആടി നിന്നതോടെ ആ തീരുമാനം മാറ്റി. ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കയറാതെ പുറത്ത് നിന്ന് മുദ്രാവാക്യം വിളിച്ച് പോവുകയായിരുന്നു. ബി.ജെ.പി കൗൺസിലർമാർ അകത്ത് കയറിയാൽ വോട്ട് മാറ്റി കുത്തുമോ എന്ന ആശങ്ക മൂലമാണ് തീരുമാനം മാറ്റിയതെന്ന് അറിയുന്നു.

കോൺഗ്രസ് കൗൺസിലർമാർ തെറ്റിപ്പോകാതിരിക്കാൻ കെ.സി.വേണുഗോപാലും പിന്നിൽ നിന്ന് കരുക്കൾ നീക്കി. മുഴുവൻ യു.ഡി.എഫ് അംഗങ്ങളും സ്വതന്ത്രൻ ജോസ് ചെല്ലപ്പനും 11മണിക്ക് മുമ്പ് തന്നെ കൗൺസിൽ ഹാളിൽ എത്തിയിരുന്നു. കൗൺസിൽ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് പി.ഡി.പി അംഗങ്ങൾ എത്തിയത്. ഇടത് അംഗങ്ങൾ നേരത്തേതന്നെ ഹാളിൽ എത്തിയിരുന്നു. ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ഹാളിൽ എത്താതെ നഗരസഭയുടെ പ്രധാന വാതിലിൽ കുത്തിയിരിപ്പ് നടത്തി.

 നിർദ്ദേശകൻ തോമസ് ജോസഫ്

ഇല്ലിക്കൽ കുഞ്ഞുമോന്റെ പേര് മുൻ ചെയർമാൻ തോമസ് ജോസഫ് നിർദേശിച്ചു. ലീഗ് പാർമെന്ററി പാർട്ടി സെക്രട്ടറി എ.എം.നൗഫൽ പിന്താങ്ങി. മെഹബൂബിന്റെ പേര് നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം അംഗവുമായ ഡി.ലക്ഷ്മണൻ നിർദേശിച്ചപ്പോൾ സി.പി.ഐ കൗൺസിലർ റമീസത്ത് പിന്താങ്ങി.

 മത്സരം കോൺഗ്രസുകാർ തമ്മിൽ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച മെഹബൂബ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. തിരഞ്ഞെടുപ്പ് ധാരണ അനുസരിച്ച് ചെയർമാൻ സ്ഥാനം രാജിവക്കണമെന്ന പാർട്ടിയുടെ സമ്മർദ്ദത്തെത്തുടർന്ന് മെഹബൂബ് പാർട്ടിയിലെ അംഗത്വവും കൗൺസിൽ സ്ഥാനവും രാജിവച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ബി.ജെ.പിയെയും പരാജയപ്പെടുത്തി വീണ്ടും കൗൺസിലറായി.

 ആരോ'പണം'

കൗൺസിലർമാരെ ഒപ്പം നിറുത്തി ചെയർമാൻ സ്ഥാനം നേടിയെടുക്കാൻ ലക്ഷങ്ങളാണ് ഒഴുക്കിയെന്ന് ഇരുമുന്നണികളും പരസ്പരം ആക്ഷേപം ഉന്നയിക്കുന്നു. എൽ.ഡി.എഫിനോടൊപ്പം നിന്നിരുന്ന രണ്ട് കൗൺസിൽ അംഗങ്ങളെ യു.ഡി.എഫിനോടൊപ്പം എത്തിക്കാൻ ഒരു കൗൺസിലർ ലക്ഷങ്ങളാണ് വാഗ്ദാനം നൽകിയതെന്ന് ഇടത് കേന്ദ്രങ്ങൾ ആരോപിച്ചു. എന്നാൽ കോൺഗ്രസിലെ അഭിപ്രായ ഭിന്നത മുതലെടുത്ത് യു.ഡി.എഫ് കൗൺസിലർമാർക്ക് എൽ.ഡി.എഫ് ലക്ഷങ്ങൾ വാഗ്ദാനം നൽകിയെങ്കിലും അംഗങ്ങൾ വഴങ്ങിയില്ലെന്ന് യു.ഡി.എഫ് നേതാക്കളും പറയുന്നു.

 മകളുടെ മധുരം

ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാന്റെ സീറ്റിൽ എത്തിയപ്പോൾ നാലാംക്ളാസുകാരിയായ മകൾ റിഹ ലഡു നൽകി അച്ഛനെ അനുമോദിച്ചു. കുഞ്ഞുമോന്റെ ഭാര്യ സാജിതയും മറ്റുമക്കളായ റിഹാൻ, റിസ്വാൻ എന്നിവരും മറ്റ് കുടുംബാംഗങ്ങളും നഗരസഭയിൽ എത്തിയിരുന്നു.

 ശേഷം ജീപ്പിൽ

ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇല്ലിക്കൽ കുഞ്ഞുമോൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തശേഷം പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ തോളിലേറ്റി. തുടർന്ന് തുറന്നജീപ്പിൽ ഡി.സി.സിയിൽ എത്തി. അവിടെനിന്ന് നഗരത്തിൽ റോഡ്ഷോയും നടത്തിയാണ് പിരിഞ്ഞത്.

..............................................

'ബി.ജെ.പിയുമായി യു.ഡി.എഫ് ഒത്തുകളിക്കുന്നു എന്ന എൽ.ഡി.എഫിന്റെ തെറ്റായ പ്രചാരണം ഉണ്ടായിട്ടും ജനാധിപത്യം നിലനിറുത്താനും വർഗീയതയെ ഇല്ലാതാക്കാനും കോൺഗ്രസിനേ കഴിയു എന്ന ബോധമാണ് പി.ഡി.പിയും സ്വതന്ത്രൻ ജോസ് ചെല്ലപ്പനും യു.ഡി.എഫിന് അനുകൂലമായി നിന്ന് വോട്ട് രേഖപ്പെടുത്താൻ കാരണം'

(ബഷീർ കോയാപറമ്പിൽ, സെക്രട്ടറി,

കോൺഗ്രസ് പാർലമെന്ററി പാർട്ടി)