അരൂർ:സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടി വരുന്ന സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്റി പിണറായി വിജയനായിരിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.പി.പ്രകാശ്ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ അരൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് സർക്കാർ ചെലവിൽ ഭക്ഷണം നൽകുമെന്ന് പാലായിലെ തിരഞ്ഞെടുപ്പിനിടെ വീമ്പിളക്കിയ പിണറായി ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോൾ ജയിലഴിക്കുള്ളിലാകും. കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് -യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിക്കഴിഞ്ഞു. വോട്ട് കച്ചവടവും നോട്ടുകച്ചവടവുമാണ് ഇതിന് പിന്നിൽ. ഇരുമുന്നണികളുടെയും മുൻധാരണ പ്രകാരം വട്ടിയൂർക്കാവും അരൂരും എൽ.ഡി.എഫിനും കോന്നിയും എറണാകുളവും മഞ്ചേശ്വരവും യു.ഡി.എഫിനുമായി വീതംവച്ചുകഴിഞ്ഞു. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നത്. നിഷ്പക്ഷമായി അന്വേഷണം നടത്തിയാൽ ഇരുകൂട്ടരും അകത്തുപോകും. ബി.ജെ.പിയും ബി.ഡി.ജെ.എസും രാമ-ലക്ഷ്മണൻമാരെ പോലെയാണെന്നും മ​റ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കൃഷ്ണദാസ്

പറഞ്ഞു.