തുറവൂർ: പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റും ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം.ഹസൻ തുറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭരണ നേട്ടത്തിന്റെ അംഗീകാരമായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്റി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിലയിരുത്തിയത് തെ​റ്റാണെന്ന് ജനവിധിയിലൂടെ ബോദ്ധ്യപ്പെടും. ശബരിമല വിഷയത്തിൽ യു.ഡി.എഫ് അയ്യപ്പ വിശ്വാസികൾക്കൊപ്പമാണ്. തീർത്ഥാടനക്കാലത്ത് കോടതി വിധിയുടെ പേരിൽ ഇനിയും ശബരിമലയിൽ കലാപമുണ്ടാക്കി ചോരക്കളമാക്കരുത്. അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾക്ക് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ വോട്ടുനേടാൻ കഴിഞ്ഞത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അരൂരിൽ നല്ല ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് വിജയിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. പരാജയഭീതി മൂലമാണ് എൽ.ഡി.എഫ് സംസ്ഥാനനേതാക്കളും മന്ത്റിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകുന്നത്.

ഷാനിമോളെ പൂതനയെന്ന് ആക്ഷേപിച്ച മന്ത്റി ജി.സുധാകരൻ സ്ത്രീകളെ ആക്ഷേപിക്കുന്നത് പതിവാണ്. സ്ത്രീവിരുദ്ധനായ ജി.സുധാകരൻ കംസനാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന്റെ ശരിദൂര നിലപാട് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.