accident

മാരാരിക്കുളം: പരീക്ഷ കഴിഞ്ഞ് പാരലൽ കോളേജിൽ നിന്നിറങ്ങി സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു കയറിവന്ന വിദ്യാർത്ഥി കണ്ടെയ്നർ ലോറിയിടിച്ചു മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്നയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കലവൂർ തകിടിവെളി പ്രകാശന്റെ മകൻ പ്രഭാത് (20) ആണ് മരിച്ചത്. ദേശീയപാതയിൽ പാതിരപ്പള്ളി വടക്ക് ഉദയ സ്​റ്റുഡിയോയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വടക്കോട്ടു വരികയായിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന കണ്ടെയ്‌നർ ലോറി തട്ടുകയും സ്കൂട്ടർ നിയന്ത്റണം വിട്ട് മറിയുകയുമായിരുന്നു. പിന്നിലിരുന്ന പ്രഭാത് റോഡിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആലപ്പുഴയിലെ പാരലൽ കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായ പ്രഭാത് ഇന്നലെ വൈകിട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ബസ് കിട്ടാൻ വൈകിയപ്പോഴാണ് കലവൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രികനെ കൈ കാണിച്ചു നിറുത്തി കയറിയത്. സംസ്‌കാരം ഇന്ന് നടക്കും. മാതാവ്: അമ്പിളി. സഹോദരൻ:അജേഷ്.