photo

 വലിയരാജ രേവതി തിരുനാൾ പി. രാമവർമ്മരാജയ്ക്ക് ഇന്ന് 101-ാം പിറന്നാൾ

ആലപ്പുഴ: അയ്യപ്പദാസനായി നൂറ്റാണ്ടു പിന്നിട്ട പന്തളം കൊട്ടരത്തിലെ വലിയരാജ രേവതി തിരുനാൾ പി. രാമവർമ്മരാജയ്ക്ക് ഇന്ന് 101-ാം പിറന്നാൾ. കന്നിമാസത്തിലെ രേവതിയാണ് നക്ഷത്രം. പന്തളം കൊട്ടാരത്തിലെ ഒരംഗത്തിന്റെ വേർപാടിനെത്തുടർന്ന് ആഘോഷങ്ങളൊന്നുമില്ലാതെയാണ് കേരള സർവ്വകലാശാല ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളർ കൂടിയായിരുന്ന രാമവർമ്മ രാജയുടെ പിറന്നാൾ കടന്നുപോകുന്നത്.
1945ൽ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ അനന്തരവളുടെ ചെറുമകൾ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണിണിവർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെ അനന്തപുരം കൊട്ടാരത്തിലെ 'പന്തളം കൊട്ടാരം'പ്രതിനിധിയായി അദ്ദേഹം മാറി. ജൻമദിനാശംസകൾ നേരാൻ കൊട്ടാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സഹൃദയരെ പുഞ്ചിരിയോടെ സ്വീകരിക്കുകയാണ്

രാമവർമ്മ രാജ.

17 വർഷമായി രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതലയേറ്റിട്ട്. തമ്പുരാനായിരുന്ന രവിവർമ്മ രാജ അന്തരിച്ചപ്പോഴാണ് രാമവർമ്മരാജ ആ സ്ഥാനത്തേക്ക് എത്തിയത്. വലിയരാജ ആയതിനുശേഷം എല്ലാവർഷവും മണ്ഡലകാലത്ത് കുടുംബസമേതം പന്തളം കൊട്ടരത്തിലെത്തും. പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ കൈമാറുന്നത് രാമവർമ്മരാജയാണ്.

കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തിൽ മംഗളത്തമ്പുരാട്ടിയുടെയും മകനായി 1919 ഒക്‌ടോബർ 19ന് (1095 കന്നി) രേവതി നാളിലാണ് ജനനം. പന്തളം സ്‌പെഷ്യൽ സ്‌കൂളിൽ 3-ാം ക്ലാസുവരെ പഠനം. നാലുമുതൽ തോന്നല്ലൂർ സ്‌പെഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. മാവേലിക്കര ഗവ. ഹൈസ്‌കൂളിലാണ് പത്താംക്ലാസ് പഠിച്ചത്. 1938ൽ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി തുടങ്ങിയപ്പോൾ ആദ്യത്തെ ബാച്ചിലെ ഡിഗ്രി വിദ്യാർത്ഥിയായി. കണക്കായിരുന്നു ഐച്ഛിക വിഷയം. പിന്നീട് പന്തളം മെഴുവേലി സ്‌കൂളിൽ മൂന്നുവർഷം അദ്ധ്യാപകനായി. പൂഞ്ഞാർ ഹൈസ്‌കൂളിലും വർക്കല നെടുങ്കണ്ടത്തും അദ്ധ്യാപകനായി പ്രവർത്തിച്ചു. പിന്നീട് മുംബയിലേക്ക് പോയി. 32 വർഷം അവിടെ റെയിൽവേയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു.1977ൽ സർവീസിൽ നിന്ന് വരമിച്ച് അനന്തപുരം കൊട്ടാരത്തിൽ താമസമാക്കി. 2017ൽ ഭാര്യ രുഗ്മിണിണിവർമ്മ തമ്പുരാട്ടി അന്തരിച്ചു. ഡോ. എസ്.ആർ.വർമ്മ, അനിയൻ ആർ.വർമ്മ, ശശി വർമ്മ, രമ കെ.തമ്പുരാൻ എന്നിവർ മക്കളും സുധ, ഇന്ദിര, രഞ്ജന, കൃഷ്ണകുമാരൻ എന്നിവർ മരുമക്കളുമാണ്. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന സംഘം നേരത്തേതന്നെ കൊട്ടാരത്തിൽ എത്തിക്കഴിഞ്ഞു.

 ക്രിക്കറ്റിലും താരം

കോട്ടയം സി.എം.എസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ക്രിക്കറ്റിൽ കമ്പം കൂടിയത്. ബിരുദ പഠനത്തിന് യൂണിവേഴ്‌സിറ്റി കോളേജിൽ ചേർന്നപ്പോൾ ക്രിക്കറ്റ് കളിക്കാൻ ഏറെ സൗകര്യമായി. കോളേജ് ടീമിലും സർവകലാശാല ടീമിലും ഇടംനേടി. കാർട്ടൂണിസ്റ്റായ അബു എബ്രഹാം ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു. മത്സരങ്ങളിലെല്ലാം തന്റെ സ്പിൻ ബൗളിംഗ് നിർണ്ണായകമായിരുന്നുവെന്ന് തമ്പുരാൻ ഓർക്കുന്നു.